ന്യൂഡൽഹി: സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ തള്ളി വിവാദ പരാമർശം നടത്തിയ ദേശീയ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എംപി മാപ്പുപറയണമെന്ന് ഇടത് സംഘടനകൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടരാൻ ഉഷയ്‌ക്ക് ധാർമികാവകാശമില്ലെന്നും സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ സംഘടനകൾ വ്യക്തമാക്കി.
പ്രതിഷേധം അച്ചടക്കരാഹിത്യത്തിന് തുല്യവും രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നുമുള്ള ഉഷയുടെ പ്രസ്‌താവനയെ ശക്തമായ ഭാഷയിൽ സംഘടനകൾ അപലപിച്ചു. മൂന്നുമാസമായി ബിജെപി എംപികൂടിയായ ബ്രിജ്‌ഭൂഷണിൽനിന്ന് താരങ്ങൾക്ക് നേരിട്ട ലൈംഗികാതിക്രമം പൊതുജന മധ്യത്തിലുണ്ട്. പ്രശ്നപരിഹാരത്തിന് സ്ത്രീയെന്ന നിലയിലും ഐഒഎ പ്രസിഡന്റ് എന്നനിലയിലും ഉഷ സ്വീകരിച്ച നടപടി വ്യക്തമാക്കണം. രണ്ടാം തവണയും സമരം ഇരിക്കേണ്ടിവന്ന താരങ്ങളോട് ഉഷയിൽനിന്ന് സഹാനുഭൂതിയാണ് എല്ലാവരും പ്രതീക്ഷിച്ചത്. നീതി ആവശ്യപ്പെടുന്ന താരങ്ങൾക്കെതിരെ അച്ചടക്കത്തിന്റെ ഭീഷണി ഉന്നയിച്ച അവർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. മാപ്പുപറയാൻ തയ്യാറായില്ലെങ്കിൽ പി ടി ഉഷ രാജിവച്ച് ഒഴിയണമെന്നും സംഘടനകൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു