ദില്ലി: രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആഗോള വിപണിയിൽ ഗോതമ്പിന് വൻതോതിൽ വില കൂടുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യ യുക്രെയ്നെ ആക്രമിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പിന്റെ വിലയിൽ വൻ ചാഞ്ചാട്ടം പ്രകടമായിരുന്നു. യൂറോപ്പിൽ ഏറ്റവും അധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യമായിരുന്നു യുദ്ധത്തിന് തൊട്ടുമുമ്പ് വരെ യുക്രെയ്ൻ. വിപണിയിൽ ഗോതമ്പ് എത്തുന്നത് കുറഞ്ഞതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കൂടിയിരുന്നു. കയറ്റുമതി കൂടുന്നതോടെ ആഭ്യന്തര വിപണിയിൽ ക്ഷാമം നേരിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. വെള്ളിയാഴ്ചയാണ് വാണിജ്യ വ്യാവസായിക മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തീരുമാനം ബാധിക്കുക അയൽരാജ്യങ്ങളെ
കയറ്റുമതി നിരോധനത്തിനുള്ള സർക്കാർ തീരുമാനം എത്തുന്നത് ഗോതമ്പിന്റെ കയറ്റുമതി സാധ്യത പരിശോധിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെയാണ്. ഏഷ്യൻ വിപണിയിൽ ഇന്ത്യൻ ഗോതമ്പിന് ആവശ്യക്കാർ ഏറെയാണ്. അടുത്തിടെ അഫ്ഗാനിസ്ഥാന് ഇന്ത്യ വൻതോതിൽ ഗോതമ്പ് കൈമാറിയിരുന്നു. യുദ്ധത്തെ തുടർന്നുണ്ടായ ക്ഷാമം മറികടക്കാനായിട്ടായിരുന്നു ഇത്. അയൽരാജ്യമായ ബംഗ്ലാദേശും ഗോതമ്പിനായി ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. 2021-22ൽ ഇന്ത്യ ആകെ ഉൽപാദിപ്പിച്ച 7 ടൺ ഗോതമ്പിന്റെ 50 ശതമാനവും ബംഗ്ലാദേശ് ഇറക്കുമതി ചെയ്തിരുന്നു.
നിരോധനം പ്രാബല്യത്തിലായതോടെ പതിവായി ഗോതമ്പ് നൽകുന്ന രാജ്യങ്ങളിലെ സർക്കാരുകൾ നേരിട്ട് അഭ്യർത്ഥിച്ചാൽ അല്ലാതെ ഇന്ത്യയിൽ നിന്ന് ഗോതമ്പ് കയറ്റി അയക്കാനാകില്ല. ഇത് ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കയറ്റുമതിയുടെ തോതും എഫ്സിഐയിലെ കരുതൽ ശേഖരവും തമ്മിലുള്ള അനുപാതം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി എന്ന് മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പിന് പുറമേ ഉള്ളി വിത്തുകളുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്.