ഒട്ടാവ: പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ കാനഡയിലെ 25 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ. ഒട്ടാവ ഇന്റപോളാണ് മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഗോൾഡി ബ്രാറിന്റെ പേരും ചേർത്തത്.
സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാർ കാനഡയിലുണ്ടെന്നാണ് കരുതുന്നത്. അത് പൊതു ജനങ്ങൾക്ക് ഭീഷണിയാണ്. ഇയാൾ ഇന്ത്യയിൽ ചെയ്ത കുറ്റകൃത്യങ്ങൾ വളരെ ഗൗരവമുള്ളതാണ് -ഇന്റർപോൾ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
രജത് കുമാർ, ഗുർലാൽ സിങ് എന്നിവരുടെയും ഇന്ത്യൻ ഗായകൻ സിദ്ദു മൂസെ വാലെയുടെയും കൊലപാതകങ്ങളിൽ ഗോൾഡി ബ്രാർ പ്രതിയാണ്.
ജൂൺ 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപമാണ് സിദ്ദു മൂസെ വാല വെടിയേറ്റ് മരിച്ചത്.
മൂസെ വാല കൊല്ലപ്പെട്ടതിന് അടുത്ത ദിവസം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി ബ്രാർ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.
മൂസെ വാലയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ഗോൾഡി ബ്രാർ.