ന്യൂഡൽഹി∙ നിയമങ്ങൾക്കനുസൃതമായി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന വിശദീകരണവുമായി, രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് രംഗത്ത്. ബൈജൂസിന്റെ ബെംഗളൂരുവിലെ ഓഫിസുകളിലും ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ചു നടന്ന പരിശോധനയിൽ ചില രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തതതായി ഇഡി വ്യക്തമാക്കിയിരുന്നു. വീട്ടിലും 2 ഓഫിസുകളിലുമായിട്ടായിരുന്നു പരിശോധന.
ബാധകമായ എല്ലാ വിദേശനാണ്യ വിനിമയ ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ബൈജൂസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബൈജു രവീന്ദ്രൻ ജീവനക്കാർക്കായി എഴുതിയ കത്തിൽ വ്യക്തമാക്കി. കമ്പനിയുടെ വിദേശ ഇടപാടുകളെല്ലാം കൃത്യമായ രീതിയിൽ പരിശോധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. വളർച്ചയുടെ ഭാഗമായി കമ്പനി ചില വിദേശ കമ്പനികളെ ഏറ്റെടുത്തിരുന്നു. ഇതിനായി വിദേശ പണമിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. കൃത്യമായ രേഖകളോടെ നിയമപരമായിട്ടാണ് ഇത്തരം ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചു. അന്വേഷണ ഏജൻസിയും അധികൃതരും പരിശോധനകൾക്കൊടുവിൽ ഇതേ നിഗമനത്തിലേക്ക് എത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ബൈജൂസ് വ്യക്തമാക്കി.
അതേസമയം, കമ്പനി 2020–21 മുതൽ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ തയാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി ആരോപിച്ചിരുന്നു. ഇക്കാരണത്താൽ നിക്ഷേപം അടക്കമുള്ള കാര്യങ്ങളിൽ ബാങ്കുകളുമായി വിവരങ്ങൾ ഒത്തുനോക്കേണ്ടതുണ്ട്. സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിന്മേൽ ബൈജു രവീന്ദ്രനോടു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്നും ഇഡി പറയുന്നു. 2011 മുതൽ ഇതുവരെ 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 9,754 കോടി രൂപ പല രാജ്യങ്ങളിലായി വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി വിലയിരുത്തിയിരുന്നു.