ചട്ടലംഘനം തുടര്‍ക്കഥ; എയര്‍ടെല്ലിന് വീണ്ടും പിഴ, ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ നിയമാനുസൃതമല്ല

news image
May 30, 2024, 7:56 am GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളിലൊരാളായ എയര്‍ടെല്ലിന് പഞ്ചാബ് ടെലികോം ഡിപ്പാര്‍ട്‌മെന്‍റ് അടുത്തിടെ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. പുതിയ സ്റ്റോക് എക്‌സ്ചേഞ്ച് ഫയലിംഗിലാണ് എയര്‍ടെല്‍ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

പഞ്ചാബ് ടെലികോം ഡിപ്പാര്‍ട്‌മെന്‍റില്‍ നിന്ന് മെയ് 27ന് നോട്ടീസ് ലഭിച്ചതായി ഭാരതി എയര്‍‌ടെല്‍ വ്യക്തമാക്കുന്നു. ലൈസന്‍സ് കരാര്‍ പ്രകാരമുള്ള ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതായിരുന്നു നോട്ടീസ്. ഉപഭോക്താക്കളുടെ അപേക്ഷ ഫോമുകളുടെ ഓഡിറ്റ് നടത്തിയാണ് ടെലികോം ഡിപ്പാര്‍ട്‌മെന്‍റ് നടപടിയിലേക്ക് നീങ്ങിയത്. ഈ ലംഘനത്തിന് 1,79,000 രൂപയാണ് പിഴ ചുമത്തിയത്. ഇതാദ്യമായല്ല എയര്‍ടെല്ലിനെതിരെ സമാന ലംഘനത്തിന് പിഴ ചുമത്തുന്നത്. ഇതേ ചട്ടലംഘനത്തിന് എയര്‍ടെല്ലിനെതിരെ 1,56,000 രൂപയുടെ പിഴ ഏപ്രിലില്‍ പ‍ഞ്ചാബ് ടെലികോം ഡിപ്പാര്‍ട്‌മെന്‍റ് ചുമത്തിയിരുന്നു. മാര്‍ച്ചില്‍ 4 ലക്ഷം രൂപയും ഭാരതി എയര്‍ടെല്‍ പിഴയൊടുക്കിയിരുന്നു. ദില്ലി-ബിഹാര്‍ എന്നിവിടങ്ങളിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. ദില്ലിയില്‍ 2.55 ലക്ഷവും ബിഹാറില്‍ 1.46 ലക്ഷം രൂപയുമായിരുന്നു ഭാരതി എയര്‍ടെല്‍ അടക്കേണ്ടിവന്നത്.

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൃത്യമായി സമാഹരിച്ച് കണക്ഷന്‍ നല്‍കണം എന്നാണ് ചട്ടം. ഇതിനായി കെവൈസി പ്രക്രിയ പാലിക്കണം എന്ന് നിയമം പറയുന്നു. ടെലികോം കമ്പനികള്‍ ഇത് പാലിക്കുന്നുണ്ടോ എന്നറിയാന്‍ ടെലികോം മന്ത്രാലയം കൃത്യമായ ഇടവേളകളില്‍ ഓഡിറ്റ് നടത്താറുണ്ട്. ഈ പരിശോധനയിലാണ് എയര്‍ടെല്‍ പലതവണ കുടുങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe