നവംബര്‍ 7 – ചന്ദ്രശേഖര വെങ്കിട്ടരാമൻ

news image
Nov 7, 2013, 12:35 am IST payyolionline.in

1888    നവംബര്‍ 7 ന് , തമിഴ്‌നാട്ടിലെ   തഞ്ചാവൂര്‍ ജില്ലയില്‍,  ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമന്‍ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികള്‍ക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. രാമന് നാലുവസ്സുള്ളപ്പോള്‍, പിതാവിന്  വിശാഖപട്ടണത്തുള്ള എ.വി എന്‍ കോളേജില്‍  അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തില്‍ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.

സ്ക്കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍, രാമന്‍, പഠനത്തില്‍ ഉന്നതനിലവാരം പുലർത്തി. സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിര്‍മ്മിച്ചു. ബുദ്ധിശക്തിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.

പതിനൊന്നാമത്തെ വയസ്സില്‍ രാമന്‍ മെട്രിക്കുലേഷന്‍ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛന്‍ പഠിപ്പിച്ചിരുന്ന എ.വി.എന്‍. കോളേജില്‍ത്തന്നെ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്നു. ഒന്നാമനായിത്തന്നെ ഇന്റര്‍മീഡിയേറ്റും വിജയിച്ചു.

1903-ല്‍,   മദ്രാസിലെ   പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ രാമന്‍ ബി.എ.യ്ക്കു ചേര്‍ന്നു. പ്രസിഡന്‍സി കോളേജില്‍ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗല്‍ഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തില്‍ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു.     1904  -ല്‍ രാമന്‍, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വര്‍ണമെഡലുകള്‍ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു.

ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാന്‍ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാല്‍, പ്രസിഡന്‍സി കോളേജില്‍ത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ല്‍, രാമന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.

1907    ജൂണില്‍ രാമന്‍ അക്കൌണ്ടന്റ്  ജനറലായി,  കല്‍ക്കട്ടയില്‍  ജോലിയില്‍ പ്രവേശിച്ചു. അവിടെ രാമന്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു  ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്    (ഐ.എ.സി.എസ്.) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയില്‍ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. ജോലിസമയത്തിനു ശേഷം അതിരാവിലേയും രാത്രിയിലുമായി രാമന്‍ ഇവിടെ ഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയില്‍ രാമന്  റംഗൂണിലേയ്ക്കും    തുടര്‍ന്ന്   നാഗ്പൂരിലേക്കും             സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കല്‍ക്കട്ടയിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വീണ്ടും കൽക്കട്ടയിലെത്തിയപ്പോള്‍, താമസിക്കാന്‍ യോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയില്‍ എത്തിച്ചേരുന്നതിനായി ഐ.എ.സി.എസിനു തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. രാമന്‍ തന്റെ ഗവേഷണഫലങ്ങള്‍ അപ്പപ്പോള്‍തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തല്‍ഫലമായി, 1912  ല്‍ കര്‍സണ്‍ റിസര്‍ച്ച് പ്രൈസും  (Curzon Research Prize) 1913-ല്‍ വുഡ്ബേണ്‍ റിസര്‍ച്ച് മെഡലും    (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു.

ഏറെ താമസിയാതെ അദ്ദേഹം കല്‍ക്കട്ട സര്‍വകലാശാലയിലെ പ്രൊഫസറായി നിയമിതനായി. ഇതിനുവേണ്ടി അദ്ദേഹം തന്റെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. ഭാവിയില്‍ ഏറെ സാമ്പത്തികനേട്ടവും അധികാരവും ലഭിക്കുന്ന ജോലിയാണ് ശാസ്ത്രത്തോടുള്ള താല്പര്യം നിമിത്തം അദ്ദേഹം വേണ്ടെന്നുവെച്ചത്. പ്രൊഫസറായതോടുകൂടി അദ്ദേഹത്തിന് ഗവേഷണത്തിനായി കൂടുതൽ സമയം ലഭിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍  നിന്നു 1948-ല്‍ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരില്‍ അദ്ദേഹം  രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  സ്ഥാപിച്ചു.   മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1954-ല്‍ അദ്ദേഹത്തിനു  ഭാരതരത്നം           പുരസ്കാരം ലഭിച്ചു . 1970 നവംബര്‍ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സില്‍ സി .വി. രാമൻ മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമന്‍ റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe