ചരിത്രത്തിൽ ആദ്യം; യുക്രെയ്നു നേരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ, ലോകം ആശങ്കയിൽ

news image
Nov 21, 2024, 4:24 pm GMT+0000 payyolionline.in

കീവ്: ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിനു നേരെ റഷ്യ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ചു. യുക്രെയ്നിലെ

നിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ കടുത്ത ആക്രമണം നടത്തിയത്. 2011ൽ പരിഷ്കരിച്ച ‘റുബേസ്’ മിസൈലാണ് യുക്രെയ്നു നേരെ പ്രയോഗിച്ചത്. നിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തത്. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

5,800 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ ആറ് പതിറ്റാണ്ട് മുമ്പാണ് റഷ്യ വികസിപ്പിച്ചത്. ആണവായുധമായും പ്രയോഗിക്കാവുന്ന റുബേസ് മിസൈലിൽ ഇത്തവണ സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ തന്നെയാണ് റഷ്യ പ്രയോഗിച്ചതെന്നാണ് വിവരം. രാസായുധമായും ജൈവായുധമായും മിസൈൽ പ്രയോഗിക്കാനാകും. കഴിഞ്ഞ ദിവസം അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യക്കു നേരെ യുക്രെയ്ൻ പ്രയോഗിച്ചിരുന്നു.

മിസൈലിനു പുറമെ നൂതന സാങ്കേതികവിദ്യയുടെ സഹോയത്തോടെ പ്രവർത്തിക്കുന്ന ഇന്‍റിപെൻഡെന്‍റ്ലി ടാർഗറ്റബിൾ റീഎൻട്രി വെഹിക്കിളും (എം.ഐ.ആർ.വി) റഷ്യ യുദ്ധരംഗത്ത് ഉപയോഗിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മിസൈൽ യുക്രെയ്നിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റഷ്യയുടെ അണ്വായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസം പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചിരുന്നു. അണ്വായുധം കൈവശമില്ലാത്ത ഒരു രാജ്യം, അണ്വായുധം സ്വന്തമായുള്ള മറ്റൊരു രാജ്യത്തിന്‍റെ പിന്തുണയോടെ റഷ്യക്കു നേരെ നടത്തുന്ന ആക്രമണം സംയുക്ത നീക്കമായി കണക്കാക്കുമെന്നാണ് ആണവനയത്തിലെ മാറ്റം. തങ്ങൾ നൽകിയ ആയുധങ്ങൾ പ്രയോഗിക്കാൻ യു.എസ്, യുക്രെയ്ന് അനുമതി നൽകിയതിനു പിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്. റഷ്യയുടെ ആക്രമണത്തോടെ നിലവിലെ സംഘർഷം ആണവ യുദ്ധത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് ലോകം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe