ചാരക്കേസ്: സിബി മാത്യൂസിന്റെ ഉൾപ്പെടെ മുൻകൂർ ജാമ്യം റദ്ദാക്കി; അറസ്റ്റ് തടഞ്ഞു

news image
Dec 2, 2022, 7:06 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഡിജിപി സിബി മാത്യൂസ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി. നാലാഴ്ചയ്ക്കകം ഹര്‍ജി തീര്‍പ്പാക്കണം. അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുപ്രീം കോടതി വിധിക്കു പിന്നാലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഡിജിപി സിബി മാത്യൂസ്, മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളാണെന്നും സിബിഐ ആരോപിച്ചു.

നേരത്തെ നാലു പേർക്കും കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വാചകക്കസർത്ത് അല്ലാതെ ഇവർക്കെതിരെ സൂചനയോ വസ്തുതയോ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടർന്നാണു സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കും. പല സാക്ഷികളും മൊഴി നൽകാൻ തയാറാകില്ലെന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

വിഎസ്‌‌എസ്‍സിയിൽ കമാൻഡന്റ് ആയിരുന്ന കാലം മുതൽ ആർ.ബി. ശ്രീകുമാറിനു തന്നെ അറിയാമായിരുന്നുവെന്നു നമ്പി നാരായണൻ മൊഴി നൽകിയിട്ടുണ്ട്. ബന്ധുവിനു ജോലി നൽകണമെന്ന ആവശ്യം നിരസിച്ചതിനാൽ തന്നോടു വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായും മൊഴി രേഖപ്പെടുത്തിട്ടുണ്ട്. ഈ ആരോപണങ്ങൾ തെളിയിക്കാൻ ശ്രീകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണു സിബിഐ നിലപാട്. ഗൂഢാലോചനക്കേസിൽ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ. എസ്. വിജയൻ ഒന്നാം പ്രതിയും, തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയും, പി.എസ്. ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe