ചിത്രീകരണത്തിനിടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; വിജയ് ആന്‍റണിക്ക് ഗുരുതര പരിക്ക്

news image
Jan 18, 2023, 10:22 am GMT+0000 payyolionline.in

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയ് ആന്‍റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്‍റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്‍റെ മലേഷ്യന്‍ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. ജലത്തില്‍ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “നായകനാവുന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ പങ്കെടുക്കുകയായിരുന്നു വിജയ് ആന്‍റണി. മലേഷ്യയിലെ ലങ്കാവി ആയിരുന്നു ലൊക്കേഷന്‍. അദ്ദേഹം ഓടിച്ചിരുന്ന ഒരു ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ഈ ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്‍റണിയും കാവ്യയും വെള്ളത്തിലേക്ക് വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‍യുടെ പരിക്ക് കുറച്ചുകൂടി ഗൌരവമുള്ളതാണ്. തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്. കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ നിലയില്‍ കുഴപ്പമില്ല. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്‍റെ തീരുമാനം”, ധനഞ്ജയന്‍ പറയുന്നു.

 

വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ചിത്രത്തിന്‍റെ രണ്ടാംഭാഗം 2020ലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഈ ചിത്രത്തിലൂടെ താന്‍ സംവിധായകനായി അരങ്ങേറുകയാണെന്ന കാര്യം അടുത്ത വര്‍ഷമാണ് വിജയ് ആന്‍റണി അറിയിച്ചത്. വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. ശശിയാണ് പിച്ചൈക്കാരന്‍ ആദ്യഭാഗം സംവിധാനം ചെയ്‍തത്. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. ‘ബിച്ചഗഡു 2’ എന്നായിരിക്കും തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe