ചിന്നക്കനാലിൽ അരിക്കൊമ്പൻ തിരികെ വരാൻ സാധ്യത കുറവ്‌: ഡോ. അരുൺ സഖറിയ

news image
May 5, 2023, 10:19 am GMT+0000 payyolionline.in

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം പ്രതീക്ഷിച്ചതിലും ഏറെ ശ്രമകരമായിരുന്നെങ്കിലും കൂട്ടായ പ്രവർത്തനം വിജയത്തിലെത്തുകയായിരുന്നെന്ന് ദൗത്യ തലവനും വെറ്ററിനറി സർജനുമായ ഡോ. അരുൺ സഖറിയ  പറഞ്ഞു. ഇറക്കപ്രദേശത്ത് അപ്രതീക്ഷിതമായി പെയ്‌ത മഴയും അരിക്കൊമ്പൻ പലതവണ കുതറിമാറിയതും തെല്ല് ആശങ്ക സൃഷ്‌ടിച്ചു. കൂടാതെ തലേദിവസം മദപ്പാടുള്ള ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ്‌ അരിക്കൊമ്പൻ അസ്വസ്ഥനായിരുന്നു. 13 മണിക്കൂർ നീണ്ട വിശ്രമരഹിതമായ പ്രവർത്തനം ഒടുവിൽ വിജയം കണ്ടു. കുങ്കിയാനകളുടെയും പാപ്പാന്മാരുടെയും തക്കസമയത്തെ ഇടപെടൽ അരിക്കൊമ്പനെ കൂട്ടിനുള്ളിലാക്കാൻ സഹായകരമായി.

പെരിയാർ റിസർവിലെ ഉൾവനത്തിൽ വിട്ട അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയായ മേഘമലയിൽ സഞ്ചരിച്ചെങ്കിലും വീണ്ടും മുല്ലക്കുടിലിൽ തന്നെ തിരിച്ചെത്തി. ഇതിന് 10 മുതൽ 12 കിലോമീറ്റർ പരിധിയിലാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്നത്. ചിന്നക്കനാലിനേക്കാൾ പുല്ലും വെള്ളവും ഇവിടെയുണ്ട്. ജിപിഎസ് കോളർ സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. മലഞ്ചെരുവിലോ ഉൾവനത്തിലോ ആയാൽ ചിലപ്പോൾ റേഞ്ച്‌ ലഭിക്കാതെ പോകും. ആന തിരികെ വരാനുള്ള സാധ്യത കുറവാണ്. എന്നാൽ ഒന്നും പറയാനുമാകില്ല. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് 10 ദിവസം കൂടി നിരീക്ഷണം നടത്തേണ്ടതുണ്ട്. കാരണം 150 കി.മീറ്റർ സഞ്ചരിച്ച് ആന തിരികെ എത്തിയ സംഭവം കർണാടകയിലും ആന്ധ്രയിലും ഉണ്ടായിട്ടുണ്ടെന്നും അരിക്കൊമ്പന് നിലവിൽ ആരോഗ്യ പ്രശ്‌ന‌ങ്ങളില്ലെന്നും അരുൺ സഖറിയ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe