ചിരട്ടയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന സുനിലിന് പ്രോത്സാഹനം പ്രാരാബ്ധം മാത്രം

news image
Oct 27, 2013, 12:54 pm IST payyolionline.in

മേപ്പയ്യൂര്‍: ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ നിര്‍മിച്ച്‌ സുനില്‍ പാഴ്‌ വസ്‌തുക്കളില്‍ നിന്ന്‌ അത്ഭുതം തീര്‍ക്കുകയാണ്‌. ഈര്‍ക്കില്‍ കൊണ്ടും മരക്കഷണങ്ങള്‍ കൊണ്ടും ചിരട്ട കൊണ്ടും വിളയാട്ടൂര്‍ പാറച്ചാലില്‍ സുനില്‍ നിര്‍മിച്ചത്‌ പണിക്കുറ്റം തീര്‍ന്ന ശില്‍പങ്ങളാണ്‌. ദീര്‍ഘകാലം പരിശീലനം ലഭിച്ച ഒരു പ്രതിഭക്ക്‌ മാത്രം സൃഷ്‌ടിക്കാന്‍ സാധിക്കുന്ന ഈ സൃഷ്‌ടികള്‍ യാതൊരു വിധ പരിശീലവുമില്ലാതെയാണ്‌ സുനില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. എന്നാല്‍ സര്‍ക്കാരില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ സുനിലിന്‌ വേണ്ടത്ര പ്രോത്സാഹനം ഇതു വരെ ലഭിച്ചിട്ടില്ലെന്നതു മാത്രമല്ല പ്രാരാബ്‌ധം മാത്രമാണ്‌ ഈ യുവ കലാകാരന്‌ മുതല്‍ക്കൂട്ടായിരിക്കുന്നത്‌.

ചിരട്ടയില്‍ തീര്‍ത്ത ദിനോസര്‍, കെട്ടുവള്ളം, ഇരുനില വീട്‌, ചകിരിയില്‍ നിര്‍മിച്ച ഗാന്ധിജിയുടെ രൂപം, ദൈവങ്ങളുടെ ചിത്രങ്ങള്‍, കുപ്പിക്കുള്ളില്‍ വീട്‌ … സുനിലിന്റെ സൃഷ്‌ടികളുടെ പട്ടിക നീളുകയാണ്‌. പകലു മുഴുവന്‍ കരിങ്കല്ലിനോട്‌ മല്ലിട്ട്‌ ക്ഷീണിച്ച്‌ അവശനായി വീട്ടിലെത്തിയ ശേഷവും അതീവ ഉത്സാഹത്തോടെയാണ്‌ സുനില്‍ തന്റെ പണിപ്പുരയില്‍ കയറുന്നത്‌. ഓരോ വസ്‌തുക്കളും നിര്‍മിച്ച്‌ കഴിയുമ്പോഴും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക്‌ സുനില്‍ സ്വയം ഒരുങ്ങുകയാണ്‌. വീട്ടിലെ അവസ്‌ഥ മൂലമാണ്‌ ഈ പ്രതിഭ എട്ടാം ക്ലാസ്‌ കഴിഞ്ഞതിനു ശേഷം അച്‌ഛനെ സഹായിക്കാന്‍ പണിക്കു പോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

തന്റെ കഴിവിനനുസരിച്ചുള്ള അംഗീകാരം സുനിലിന്‌ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ കോഴിക്കോടിന്റെ നെല്ലറയായ കരുവോട്‌ ചിറയില്‍ നിന്നുള്ള കാറ്റേറ്റ്‌ വളര്‍ന്ന സുനിലിന്‌ ആരോടും പരിഭവമില്ല. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പഞ്ചാബില്‍ വച്ച്‌ നടത്തിയ പതിനാലാമത്‌ നാഷണല്‍ യൂത്ത്‌ ഫെസ്‌റ്റിവെല്ലില്‍ പങ്കെടുത്തതിന്‌ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും ഈ മുപ്പത്തിനാലുകാരന്‍ അഭിമാനത്തോടെ ചേര്‍ത്ത്‌ പിടിക്കുന്നു. തനിക്ക്‌ ലഭിച്ച ഏക അംഗീകാരം ഇതു മാത്രമാണെന്ന്‌ സുനില്‍ പറയുന്നു. പ്രാദേശികമായി ചില സ്‌ഥലങ്ങളില്‍ പ്രദര്‍ശനം നടത്താനും സുനിലിന്‌ സാധിച്ചിട്ടുണ്ട്‌. നിര്‍മിച്ച വസ്‌തുക്കളില്‍ പലതും വില്‍പ്പന നടത്തിയിട്ടുണ്ട്‌.പല പദ്ധതികളുടെ പേരിലും ലക്ഷക്കണക്കിന്‌ രൂപ സര്‍ക്കാരുകള്‍ ചിലവഴിക്കുമ്പോള്‍ സുനിലിനെ പോലുള്ളവര്‍ ഒരു വേദി കിട്ടാതെ ഉഴലുകയാണ്‌.

പ്രാരാബ്‌ധങ്ങള്‍ ഏറെയുള്ളതിനാല്‍ ഇതിനായി മുഴുവന്‍ സമയം ചിലവഴിക്കാന്‍ സുനിലിന്‌ സാധിക്കുന്നില്ല. ഒരു ദിവസം പണിക്ക്‌ പോയില്ലെങ്കില്‍ ബുദ്ധിമുട്ടുന്ന സുനിലിന്റെ കുടുംബം താമസിക്കുന്നത്‌ നാല്‌ സെന്റ്‌ കോളനിയിലാണ്‌. താന്‍ നിര്‍മിക്കുന്ന വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമെങ്കിലും ചെയ്‌തു തരണമെന്നാണ്‌ ഈ പ്രതിഭയുടെ ആഗ്രഹം. പാറച്ചാലില്‍ രാഘവന്റെയും ലീലയുടെയും മൂന്ന്‌ മക്കളില്‍ രണ്ടാമനായ സുനിലിന്‌ ഭാര്യയും ഒരു മാസം പ്രായമുള്ള മകനുമുണ്ട്‌.

റിപ്പോര്‍ട്ടര്‍: മുജീബ് കോമത്ത് – മേപ്പയൂര്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe