കോഴിക്കോട് ∙ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള കരാറുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നു കൺസോർഷ്യത്തിൽ ഉൾപ്പെട്ട കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി ഡയറക്ടർ ഒ.ബി.രാംജിത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ മുതൽമുടക്കും പദ്ധതിയിൽ നിന്നുള്ള വരുമാനവും എസ്ആർഐടി കമ്പനിക്കു മാത്രമാണെന്നും രാംജിത്ത് വ്യക്തമാക്കി.
എസ്ആർഐടി, പ്രസാഡിയോ, ലൈറ്റ് മാസ്റ്റർ ലൈറ്റ്നിങ് എന്നീ കമ്പനികൾ ഉൾപ്പെട്ടു തുടക്കത്തിൽ കൺസോർഷ്യം രൂപീകരിച്ചിരുന്നു. പിന്നീട് കൺസോർഷ്യത്തിന്റെ മുഴുവൻ കരാറും റദ്ദാക്കി. പദ്ധതി നടപ്പാക്കാനായി സജ്ജീകരിച്ച ഓഫിസിലെ സിവിൽ വർക്കുകൾ, കേബിൾ സ്ഥാപിക്കൽ തുടങ്ങി സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ പ്രസാഡിയോ ചെയ്യുന്നത്. ഇതിനുള്ള പ്രതിഫലം എസ്ആർഐടി നൽകുകയാണു ചെയ്യുന്നതെന്നും രാംജിത്ത് വ്യക്തമാക്കി.