ചെവിയിൽ നീലിച്ച പാടുകൾ, രണ്ടു കൈക്കും പൊട്ടൽ; ദുരൂഹത നീങ്ങാതെ മോഡലിന്റെ മരണം

news image
May 14, 2022, 9:22 am IST payyolionline.in

കോഴിക്കോട് : ജീവിച്ച് കാണിച്ചുകൊടുക്കുമെന്നാണ് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നത്. പിന്നെ എന്തിനാണ് ആത്മഹത്യചെയ്യുന്നതെന്നും അവര്‍ ചോദിക്കുന്നു. ഷഹനയുടെ രണ്ടുചെവിയിലും അടികിട്ടിയപോലുള്ള നീലിച്ച പാടുകളുണ്ടെന്നാണ് മാതാവ് പറയുന്നത്. രണ്ടുകൈക്കും പൊട്ടുണ്ട്. കഴുത്തിലും വിരല്‍കൊണ്ടു കുത്തിയ പോലുള്ള പാടുകളുണ്ടെന്നും ഉമൈബ പറയുന്നു.

വിവാഹംകഴിഞ്ഞ ശേഷം മകളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്നാണ് ഉമൈബയും ബന്ധുക്കളും പറയുന്നത്. കല്യാണംകഴിഞ്ഞ് കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം മകളെ തടങ്കലില്‍ പാര്‍പ്പിച്ചതുപോലെയായിരുന്നു. ഞങ്ങളെയാരെയും കാണാന്‍ അനുവദിക്കാറേയില്ല. 25 പവന്‍ സ്വര്‍ണവും സ്ത്രീധനവും സജ്ജാദിന്റെ വീട്ടുകാര്‍ ചോദിച്ചുവാങ്ങിയതാണ്. പിന്നീട് കൂടുതല്‍ പണം ചോദിച്ച് അവര്‍ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി. കക്കോടിയിലെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ മര്‍ദനമേറ്റുവാങ്ങേണ്ടിവന്നത്. പലതവണ അവിടെയെത്തി മകളെ കാണാന്‍ ശ്രമിച്ചെങ്കിലും തിരിച്ചുപോവേണ്ടിവന്നു.

ഏഴുമാസം മുന്‍പാണ് മാതാവ് ഉമൈബ അവസാനമായി സജ്ജാദിന്റെ കക്കോടിയിലെ വീട്ടില്‍ വന്നത്. അവര്‍ മകളെ കാണാന്‍ അനുവദിച്ചതേയില്ല. സജ്ജാദ് ലഹരി ഉപയോഗിക്കുന്നത് അറിയാതിരിക്കാനാണ് കാണാന്‍ അനുവദിക്കാതിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാവാതെ ഫെബ്രുവരിയില്‍ വാടക ക്വാര്‍ട്ടേഴ്സിലേക്ക് മാറിയെങ്കിലും അവിടെ ഭര്‍ത്താവും ഉപദ്രവം തുടര്‍ന്നു. പലദിവസങ്ങളിലും ഭക്ഷണംപോലും നല്‍കാറില്ലെന്ന് മകള്‍ പറഞ്ഞതായി ഉമൈബ പറയുന്നു. മകളെ കൊന്നുകളയുമെന്നും സജ്ജാദ് ഭീഷണിപ്പെടുത്തിയിരുന്നു.

സജ്ജാദിന്റെ പീഡനത്തില്‍ പൊറുതിമുട്ടി ഒരുതവണ ഷഹന പരാതിനല്‍കാനായി പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും അവന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്നെത്തി അതില്‍ നിന്ന് പിന്തിരിപ്പിച്ചു. കേസുവേണ്ട പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞാണ് സുഹൃത്തുക്കള്‍ പിന്തിരിപ്പിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ബന്ധുവഴിയാണ് സജ്ജാദിന്റെ വിവാഹാലോചനയെത്തിയത്. ഖത്തറില്‍ ജോലിയുണ്ടെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, വിവാഹശേഷം ഗള്‍ഫിലേക്ക് പോയിട്ടില്ല. വിവാഹശേഷമാണ് മോഡലിങ് രംഗത്തേക്ക് വന്നത്. ഷഹനയുടെ വരുമാനം കൊണ്ടാണ് സജ്ജാദ് ജീവിച്ചത്. മോഡലിങ്ങിലൂടെ കിട്ടുന്ന പണമൊക്കെ സജ്ജാദ് ഭീഷണിപ്പെടുത്തി വാങ്ങിക്കുകയായിരുന്നു. അതിന്റെ പേരിലാണ് ഷഹന പീഡനമേറ്റുവാങ്ങേണ്ടി വരാറുള്ളതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ‘ലോക്ഡൗണ്‍’ എന്ന തമിഴ് സിനിമയിലും ചില കന്നഡ മലയാളം സിനിമികളിലും ഷഹന വേഷമിട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe