ചേമഞ്ചേരിയിലെ ‘അക്ഷരപ്പുര’ വിസ്മൃതിയിലേക്ക്

news image
Jan 24, 2022, 6:34 pm IST payyolionline.in

കൊയിലാണ്ടി: ചെമഞ്ചേരി പഞ്ചായത്ത്‌ ലൈബ്രെറി &റീഡിങ് റൂം പുതു തലമുറക്ക് പരിചയമില്ലാത്ത അക്ഷരകേന്ദ്രം  ഗ്രാമത്തിലെ ഒരുതലമുറയുടെ വിജ്ഞാന ദാഹത്തിന് അമൃതം പകർന്ന ഇടം. വികസനത്തിന്റെ കയ്യുകൾ ഇടിച്ചുനിരത്താൻ വധശിക്ഷക്ക് കാത്തിരിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ പാടെ വിസ്‌മൃതിയിൽ മറയുന്ന അക്ഷരപ്പുര. വായനയുടെയും സാഹിത്യ, സാംസ്‌കാരിക, കലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്ന കെട്ടിടം തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു മുൻവശമാണ് സ്ഥിതി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻ്റായിരുന്ന പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്റർ മുൻകയ്യെടുത്താണ് വായനശാല നിർമിച്ചത്.

പൊതുകാര്യ പ്രശസ്തനായ സ്വാമി ഗുരുവരാനന്ദ സൗജന്യമായി സ്ഥലവും നൽകി. വൈകുന്നേരങ്ങളിൽ  പത്രപാ രായണം നടത്തുന്നതിനും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും വായനശാലയിൽ എത്തിയിരുന്നതായി അനുഭവസ്ഥർ പറയുന്നു.  ദിവസവും നിരവധി വായനക്കാരായുണ്ടാവും. ചോയ്യേക്കാട്ട് പദ്മനാഭൻ നായർ എന്ന ബാലൻനായരായിരുന്ന ലൈബ്രെറിയൻ. നിരവധി പത്രങ്ങളും വാരികകളും പഞ്ചായത്ത്‌ വാങ്ങിയിടാറുണ്ടായിരുന്നു. തൊഴിലന്വേഷകർക്ക് സഹായിയായ കേരള ഗസറ്റ് വരുന്ന പഞ്ചായത്തിലെ ഏക സ്ഥലവും ഇതായിരുന്നു. അയിടക്കാണ്ലോക്കൽ ലൈബ്രറി അതോറിറ്റി ഗ്രാമീണ വായനശാലകൾക്കായി സഞ്ചരിക്കുന്ന പുസ്‌തകവണ്ടി സംവിധാനം ഒരുക്കുന്നത്. പഞ്ചായത്ത്‌ ആ പദ്ധതി  വായനശാലയിലും നടപ്പാക്കി. ഗ്രന്ഥശാലകളോ, ഗ്രന്ഥശാല പ്രസ്ഥാനമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വായനക്കാർക്ക് വളരെ ആവേശം നൽകിയ സംഭവമായിരുന്നു ഇത്. മാസത്തിലൊരിക്കൽ പുസ്തകവണ്ടി വായനശാലയിൽ എത്തും. വായനക്കാർ തന്നെ വണ്ടിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കും. ഇവിടെയുള്ള പുസ്തകങ്ങൾ വണ്ടിയിലേക്ക് കയറ്റി കൊടുക്കും. നിരവധി  ക്‌ളാസിക്കുകൾ അറിവിൻ്റെ വാതായനങ്ങൾ ഒന്നൊന്നായി തുറന്നു .

എന്നാൽ എൽ എൽ.എ. നിർത്തിയതോടെ ഇത് അവസാനിച്ചു. പിന്നീട്ക്രമേണ വായനക്കാരും  കൈയൊഴിഞ്ഞതോടെ ശൂന്യമാകുന്ന അവസ്ഥയിലായി. ലൈബ്രെറിയൻ ബാലൻ നായർ മറ്റു ജോലിക്കായി പോകുകയും പിന്നീട് പൂക്കാട്ടുനിന്നും  ബാലകൃഷ്ണനും  പോസ്റ്റുമാൻ അശോകനും ഇവിടെ ലൈബ്രേറിയൻമാരായി. കാലമേറെ കഴിഞ്ഞു. വായനക്കാർ കൂടോഴിഞ്ഞു. ദേശീയപാതക്ക് വേണ്ടി ഏത് നിമിഷവും തല വെച്ച് കൊടുക്കാൻ തയ്യാറായി അറിവിൻ്റെ വാതായനങ്ങൾ തുറന്നിട്ടിരുന്ന ഈ കെട്ടിടം .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe