ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം; മുന്‍കരുതല്‍ നടപടി ശക്തമാക്കി, ആശങ്ക വേണ്ടെന്നാവര്‍ത്തിച്ച് കേന്ദ്രം

news image
Nov 27, 2023, 3:53 am GMT+0000 payyolionline.in

ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ചൈനിയിലെ പുതിയ വൈറസ് വ്യാപനത്തില്‍ നേരത്തെ കേന്ദ്രം നിരീക്ഷണം ശക്തമാക്കിയിരുന്നു. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കത്തിൽ നേരത്തെ വ്യക്തമാക്കിയത്.

 

ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വർഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനമായി ശ്വാസകോശ സംബന്ധമായ കേസുകൾ നിരീക്ഷിക്കണമെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോർട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, നിരീക്ഷണം തുടങ്ങിയെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുവെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോ​ഗം ചേർന്ന് നടപടികൾ വിലയിരുത്തുകയും ചെയ്തു. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്. മനുഷ്യരിലും മൃ​ഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. അതിനിടെ മുൻകരുതലിന്റെ ഭാഗമായി കേരളത്തിലും വിദ​ഗ്ധ സമിതി യോ​ഗം ചേർന്ന് സ്ഥിതി​ വിലയിരുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ കണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

വൈറസ് മനഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വൈറസ് ബാധിച്ചവ‍ർക്ക് മരണ സാധ്യതയും കുറവാണെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. ചൈനയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. സാധാരണ കുട്ടികളിൽ പടരുന്ന വൈറസുകൾക്ക് അപ്പുറം പുതുതായി ഒന്നുമില്ലെന്നാണ് ചൈന വിശദീകരിക്കുന്നത്. കൊവിഡ് ആദ്യമായി റിപോർട്ട് ചെയ്ത പ്രോമെഡ് എന്ന പകർച്ചവ്യാധി വ്യാപനം നിരീക്ഷിക്കുന്ന കൂട്ടായ്മയാണ് ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെകുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe