ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ; ഹർജി മാറ്റി

news image
Jan 14, 2022, 2:36 pm IST payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചയ്ക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിന്‍റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോൾ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കും.

ദിലീപിന്‍റെ വീട്ടിലും സഹോദരന്‍റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനത്തിലും കോടതിയുടെ അനുമതിയോടെ സെർച്ച് വാറന്‍റ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ കേസിന്‍റെ പേരിൽ തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണ് പോലീസ് എന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പോലീസിനോട് പറഞ്ഞു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തു. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായി.

എന്നാൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പോലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe