താമരശ്ശേരി: താലൂക്ക് തലങ്ങളിൽ നടക്കുന്ന അദാലത്തുകൾ വഴി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങളാണ് പരിഹരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ താമരശ്ശേരി താലൂക്ക് തല അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച കൊയിലാണ്ടി താലൂക്കിലും തിങ്കളാഴ്ച വടകര താലൂക്കിലുമാണ് അദാലത്തുകൾ നടക്കുന്നത്. ജനങ്ങൾ അദാലത്തിന് വൻ സ്വീകാര്യതയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവ പരിഹരിക്കുക എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളത്.
പരാതികളിൽ വലിയൊരു ശതമാനം തീർപ്പ് കൽപിച്ചു. മറ്റുള്ളവ പരിശോധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
താമരശ്ശേരി താലൂക്ക് തല അദാലത്തിലേക്ക് 600 പരാതികളാണ് ലഭിച്ചത്. 250ഓളം പുതിയ പരാതികളും ലഭിച്ചു. 298 പരാതികൾ അദാലത്തിൽ പരിഗണിച്ചു. 276 പരാതികളിൽ പരിഹാരമായി. 302 പരാതികൾ പരിഹാരം കാണുന്നതിനായി വിവിധ വകുപ്പുകളിലേക്ക് അയച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലാണ് കൂടുതൽ പരിഹാരം നൽകാൻ സാധിച്ചത്. മന്ത്രിമാരായ കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, ജില്ല കലക്ടർ എ. ഗീത, സബ് കലക്ടർ വി. ചെൽസാസിനി, എ.ഡി.എം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.