ജനങ്ങളെ ഭിന്നിപ്പിക്കുന്നവരോടൊപ്പമല്ല, ആദ്യ പഥികരുടെ മാതൃക സ്വീകരിക്കൂ: എൻഎസ്എസിനോട് എംവി ജയരാജൻ

news image
Aug 5, 2023, 7:59 am GMT+0000 payyolionline.in

കണ്ണൂർ: എൻഎസ്എസിന് അവരുടെ പാരമ്പര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ സമരം നടത്തിയ, പ്രാർത്ഥനാ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരുടെ ജാഥയിൽ അണിനിരന്ന, ജാതിവിവേചനത്തിനെതിരെ രംഗത്ത് വന്ന പാരമ്പര്യമാണ് എൻഎസ്എസിന്റെ ആദ്യ പഥികരുടേത്. ആ പാരമ്പര്യത്തിൽ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുവർക്കൊപ്പം നിൽക്കരുത്. അവർക്കൊപ്പം ചേരുന്നത് എൻഎസ്എസിന്റെ സ്ഥാപക നേതാക്കളുടെ നിലപാടിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചു.

മിത്ത് വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ് തീരുമാനിച്ചിരിക്കെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വിമർശനം. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേർന്നാണ് എൻഎസ്എസ് തുടർ സമരങ്ങൾക്ക് രൂപം കൊടുക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും എ എന്‍ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യമാണ് എൻഎസ്എസിന്. തുടർസമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. മിത്ത് വിവാദത്തിൽ എംവി ഗോവിന്ദൻ നിലപാട് തിരുത്തിയിരുന്നു. ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍റെ തിരുത്ത്.

വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നു. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കർ എ എം ഷംസീര്‍ ഒരു മത വിശ്വാസത്തിനും എതിരായി പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe