ഡെട്രോയിറ്റ്: 2007-2009 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പ്രമുഖ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന് (ജി.എം) നല്കിയ സാമ്പത്തിക പിന്തുണ അമേരിക്കന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ജനറല്‍ മോട്ടോഴ്സിന്‍െറ ഏറ്റെടുത്ത അവസാന ഓഹരിയും സര്‍ക്കാര്‍ വിറ്റൊഴിഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് ജനറല്‍ മോട്ടോഴ്സ് പൂര്‍ണമായും മുക്തമായി.
അഞ്ചുവര്‍ഷം മുമ്പ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷാണ് സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ ജനറല്‍ മോട്ടോഴ്സിനും ക്രിസ്ലറിനും സാമ്പത്തിക സഹായം നല്കാന് തീരുമാനിച്ചത്. പിന്നീട് പാപ്പര്‍ ഹരജി നല്കിയ ഇരു കമ്പനികളെയും കരകയറ്റാന്‍ 2009 ല്‍ ബറാക് ഒബാമ പ്രത്യേക സംഘത്തെയും നിയോഗിച്ചു. 8000 കോടിയലധികം ഡോളറാണ് സര്‍ക്കാര്‍ ഇരുകമ്പനികളുടെയും നിലനില്പിന് ചെലവഴിച്ചത്. എന്നാല്‍, ഡെട്രോയിറ്റിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് സര്‍ക്കാര്‍ സഹായം സ്വീകരിക്കാതെതന്നെ പിടിച്ചുനിന്നു.
ഐ.പി.ഒ വഴി സര്‍ക്കാറിന് ഓഹരിവിറ്റ് ജി.എം പൊതുമേഖലാ കമ്പനിയായത് 2010ലാണ്. 60 ശതമാനത്തോളം ഓഹരി സര്‍ക്കാര്‍ നിയന്ത്രണത്തിലത്തെിയിരുന്നു. 2009 ല്‍ ജി.എം സി.ഇ.ഒയുടെ രാജി ആവശ്യപ്പെട്ട ഒബാമ പിന്നീട് ദൗത്യസംഘംവഴി ജി.എമ്മിനെ ഉടച്ചുവാര്‍ത്തു. അനാവശ്യ ജീവനക്കാരെയും ഡീലര്‍മാരെയും ഉപസ്ഥാപനങ്ങളെയും ഒഴിവാക്കിയും മറ്റുമാണ് അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായിരുന്ന ജി.എമ്മിനെ പിടിച്ചുനിര്‍ത്തിയത്. ഇതുവഴി 15 ലക്ഷത്തോളം തൊഴിലവസരങ്ങളും 10530 കോടി ഡോളറിന്‍െറ വ്യക്തി, ഗ്രൂപ് ഇന്‍ഷുറന്‍സും സംരക്ഷിക്കാനായെന്നാണ് വിലയിരുത്തല്‍.
ഇക്കൊല്ലം ആദ്യ ഒമ്പതുമാസം 430 കോടി ഡോളര്‍ ലാഭമുണ്ടാക്കാന്‍ ജി.എമ്മിനായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഹരികള്‍ വിറ്റ് പിന്‍വാങ്ങിയത്.
ജനറല്‍ മോട്ടോഴ്സിലെ അവസാന ഓഹരിയും അമേരിക്കന്‍ സര്‍ക്കാര്‍ വിറ്റു
Dec 12, 2013, 10:58 am IST
payyolionline.in