ജപ്പാനിൽ ശക്തമായ ഭൂചലനം, 7.5 തീവ്രത; സൂനാമി മുന്നറിയിപ്പ്: ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

news image
Jan 1, 2024, 10:00 am GMT+0000 payyolionline.in

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം.7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് അധിക‍ൃതർ നൽകിയിട്ടുണ്ട്.  ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.

നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 33,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി.

ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ മാധ്യമങ്ങള്‍ വഴിയാണ് അറിയിപ്പ് നല്‍കിയത്. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

അതിനിടെ ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള രാക്ഷസത്തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നത്.

പലയിടങ്ങളിലും കിട്ടിയതെല്ലാം വാരിപ്പെരുക്കി ആളുകള്‍ സുരക്ഷിതമായി ഇടംതേടി പലായനം ചെയ്യുകയാണ്. ഫുക്കുയി, നോര്‍തേണ്‍ ഹൊയ്‌ഗോ, ഹൊക്കായ്‌ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്ഥലങ്ങളല്‍ അതിശക്തമായ തിരയടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജപ്പാനില്‍ ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ദക്ഷിണ കൊറിയ സമുദ്രനിരപ്പ് നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കിഴക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ വ്‌ളാഡിവോസ്‌റ്റോക്ക്, നഖോഡ്ക, സഖാലിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കടലിന് സമീപത്താണീ പ്രദേശങ്ങള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe