ന്യൂഡൽഹി ∙ ജല്ലിക്കെട്ട്, കമ്പള, കാളയോട്ടം എന്നിവ നടത്താൻ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ കൊണ്ടുവന്ന ഭേദഗതികൾ സുപ്രീം കോടതി ശരിവച്ചു. ജല്ലിക്കെട്ട് തമിഴ്‌പാരമ്പര്യത്തിന്റെ അഭിവാജ്യഘടകമല്ലെന്ന 2014ലെ സുപ്രീം കോടതി രണ്ടംഗബെഞ്ചിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണു അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ സുപ്രധാനവിധി. നിയമം മറികടക്കാനുള്ള വഴിയായി ഭേദഗതികളെ കാണാനാവില്ലെന്നു നിരീക്ഷിച്ച ബെഞ്ച്, ഭേദഗതികൾക്കെതിരായ ഹർജികൾ തള്ളി.
മൃഗങ്ങളോടുള്ള ക്രൂരത തടയലുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന ഭേദഗതി. ഇതിനു ഭരണഘടനപ്രകാരം സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നു ജഡ്ജിമാരായ കെ.എം.ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
മൃഗങ്ങൾക്കുണ്ടാകുന്ന വേദനയും കഷ്ടപ്പാടും കുറയ്ക്കുക എന്ന ലക്ഷ്യം ഭേദഗതികളിലുണ്ടെന്നും രാഷ്ട്രപതിയുടെ അനുമതി ഭേദഗതികൾക്കുണ്ടെന്നതിനാൽ തെറ്റുപറയാനാവില്ലെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ജല്ലിക്കെട്ടിനു സമാനമായി മറ്റു സംസ്ഥാനങ്ങളിലുള്ള നിയമത്തിലും ഉത്തരവു ബാധകമാകുമെന്നും വ്യക്തമാക്കിയ കോടതി ഇതു കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കലക്ടർമാരോടു നിർദേശിച്ചു.
അനിമൽ വെൽഫെയർ ബോർഡും നാഗരാജയും തമ്മിലുള്ള (2014) കേസിലായിരുന്നു ജല്ലിക്കെട്ടും മറ്റും നിരോധിച്ചുള്ള സുപ്രീം കോടതി വിധി. ഈ ഉത്തരവു നിലനിൽക്കെ ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകിയ കേന്ദ്രത്തിന്റെ 2016 വിജ്ഞാപനത്തിനെതിരെയായിരുന്നു അനിമൽ വെൽഫെയർ ബോർഡ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഇതു പരിഗണനയിലിരിക്കെ 2017ൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (ഭേദഗതി) നിയമം തമിഴ്നാട് പാസാക്കി. മഹാരാഷ്ട്രയും കർണാടകയും സമാനഭേദഗതി പാസാക്കുകയായിരുന്നു.
തമിഴ്നാട്ടിൽ ആഘോഷം; അളകാനല്ലൂരിൽ സ്ഥിരം വേദി
ചെന്നൈ ∙ സുപ്രീം കോടതി വിധിയെ വരവേറ്റ് തമിഴ്നാട്ടിൽ ആഘോഷവും മധുരവിതരണവും. അടുത്ത ജനുവരിയിൽ പൊങ്കൽദിനത്തിൽ ഈ വിജയം ഗംഭീരമായി ആഘോഷിക്കുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. മധുര അളകാനല്ലൂരിൽ സ്ഥിരം ജല്ലിക്കെട്ട് വേദി നിർമിക്കാനും ഇതിന്റെ ഉദ്ഘാടനവും വിജയാഘോഷവും ഒന്നിച്ചുനടത്താനുമാണു തീരുമാനം.