ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലും സർവീസ് ആരംഭിക്കും

news image
Feb 4, 2023, 11:28 am GMT+0000 payyolionline.in

റിയാദ്: ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പാസഞ്ചർ ബസുകളാണ് യാത്രക്കാർക്കായി പൊതുഗതാഗത അതോറിറ്റി റോഡിലിറക്കിയിരിക്കുന്നത്. ജിദ്ദ നോർത്ത് കോർണിഷിൽ നടന്ന ചടങ്ങിലാണ് ബസ് സർവിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

പരീക്ഷണമെന്നോണം പൊതുഗതാഗത റൂട്ടുകളിൽ ഈ ബസുകൾ ഉടനെ സർവിസ് ആരംഭിക്കും. ഇതോടെ പൊതുഗതാഗത റൂട്ടിൽ യാത്രക്കാരെ എത്തിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സർവിസുകളായിരിക്കും ജിദ്ദയിലേത്.  വിമാനത്താവളങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നതിന് ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നുണ്ട്.

 

ശുദ്ധമായ ഊർജ്ജത്തെ ആശ്രയിക്കുന്ന ബസുകൾ റോഡുകളിലിറക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണമാണ് അധികൃതർ ലക്ഷ്യമിടുന്നത്. സാപ്റ്റികോ, ജുഫാലി കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഇത്തരം ബസുകൾ ഇറക്കിയിരിക്കുന്നത്. സർവീസ് നടത്താൻ പോകുന്ന പാതകൾ വ്യക്തമാക്കിയിട്ടില്ല. നിശ്ചിത സമയത്തേക്ക് പ്രത്യേക റൂട്ടുകളിലായിരിക്കും സർവിസ് നടത്തുക. തുടർന്ന് അവ എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനാണ് പരിപാടി.

ഇലക്ട്രിക് ബസ് റോഡിലിറങ്ങിയതിലൂടെ ഇന്ന് ജിദ്ദക്ക് പുതിയ അനുഭവമാണ് കൈവന്നിരിക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി റുമൈഹ് അൽറുമൈഹ് പറഞ്ഞു. റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ശുദ്ധമായ ഊർജത്താൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബസുകൾ അടുത്ത മാസം റിയാദിലും സർവിസ് ആരംഭിക്കും.

ജിദ്ദയിലെ തിരക്ക് ലഘൂകരിക്കുന്നതിന് ഇലക്ട്രിക് ബസുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷണം തുടക്കത്തിൽ മൂന്നോ ആറോ മാസത്തേക്കായിരിക്കും. നേട്ടങ്ങൾ സംബന്ധിച്ച് വിലയിരുത്തിയ ശേഷം സ്ഥിരമാക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe