ജി 20 ഉച്ചകോടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ മോദി കണ്ടേക്കും, ബൈഡനുമായി കൂടികാഴ്ചയ്ക്കും സാധ്യത

news image
Nov 13, 2022, 5:20 am GMT+0000 payyolionline.in

ദില്ലി : ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടേക്കും. യുഎസ് പ്രസിഡൻറ് ജോ ബൈഡനേയും കാണാൻ ശ്രമിക്കുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാളെയാണ് ഇക്കാര്യത്തിൽ തീരുമാനമാകുക. അതേസമയം സൗദി രാജകുമാരൻറെ ഇന്ത്യ സന്ദർശനം മാറ്റി വച്ചു. ഇന്ത്യയിലെത്തി ഇവിടെ നിന്ന് ജി20 ഉച്ചകോടി നടക്കുന്ന ഇന്തോനേഷ്യയിലെ ബാലിയേക്ക് പോകാമെന്നാണ് ആദ്യ തീരുമാനം. എന്നാൽ ഇത് മാറ്റിവെക്കുകയായിരുന്നു. മറ്റൊരു ദിവസം അദ്ദേഹം ഇന്ത്യയിലെത്തും.

എന്നാൽ നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പോകുന്നത്. ഇത്തവണത്തെ ഉച്ചകോടി ഇന്ത്യക്ക് പ്രധാനമാണ്. ഇനി ഒരു വർഷത്തേക്ക് ജി 20 യുടെ അധ്യക്ഷ സ്ഥാനം വഹിക്കാൻ പോകുന്നത് ഇന്ത്യയാണ്. ഇപ്പോൾ ഈ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഇത് ഏറ്റുവാങ്ങും. ഇന്ത്യക്ക് ശേഷം അധ്യക്ഷ സ്ഥാനം വഹിക്കുക ബ്രസീലാണ്. വികസിത രാജ്യങ്ങളാണ് ഇപ്പോൾ ജി 20 യുടെ അധികാരസ്ഥാനത്തുള്ളത് എന്നത് സുപ്രധാനമാണ്.

ദില്ലിയിലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിലാകും ജി 20യുടെ സെക്രട്ടേറിയറ്റ് ഇനി പ്രവർത്തിക്കുക. ഇവിടെ പ്രത്യേക സെക്രട്ടേറിയേറ്റ് ഒരുക്കി കഴിഞ്ഞു. 40 ഓളം ഉദ്യോഗസ്ഥരെയാണ് ഇതിന് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരള കേഡറിലെ ഉദ്യോ​ഗസ്ഥനായിരുന്ന അമിതാഭ് കാന്ത് ആണ് ജി 20 യുടെ ഷേ‍ർപ്പാ ആയി പ്രവ‍‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

അതേസമയം ജി 20 ഉച്ചകോടിയിൽ നടക്കാനിരിക്കുന്ന ചർച്ചകളെ കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. നേരത്തേ റഷ്യ – യുക്രൈൻ സങ്കർഷം പരിഹരിക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇന്ത്യ ഇടപെടുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനുള്ള സമയമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയങ്കർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ജി 20 ഉച്ചകോടിക്ക് എത്തില്ല. പകരം വിദേശകാര്യമന്ത്രി സർ​ഗെ ലാവ്രോവ് ആണ് എത്തുക. കൊവിഡിന് ശേഷം ആ​ഗോളതലത്തിലുണ്ടായ മാറ്റങ്ങൾ, ചൈനയിലെ സ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉച്ചകോടിയിൽ ചർച്ചയായേക്കുമെന്നാണ് സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe