തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കോട്ടുകാൽ ചൊവ്വര കാവുനട തെക്കേകോണത്ത് വീട്ടിൽ അനുപമയുടെ പരാതിയിൽ ആണ് അശ്വതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ജോലി വാഗ്ദാനം നൽകിയും വീട് വയ്ക്കാൻ ലോൺ തരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ജനുവരി വരെ പല തവണകളായി ഗൂഗിൾ പേ വഴി 1,60,000 രൂപ തട്ടിച്ചു എന്നാണ് പരാതി.
അനുപമയുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ 7 ലക്ഷം രൂപയുടെ ലോൺ പാസായെന്ന് കാട്ടി ചെക്ക് നൽകിയാണ് പണം തട്ടിയത്. പണം പിൻവലിക്കാൻ ഈ ചെക്ക് ബാങ്കിൽ നൽകിയപ്പോൾ ആണ് വണ്ടി ചെക്ക് ആണ് എന്ന് അറിയുന്നത്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ അനുപമ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഭർത്താവുമായി അകന്ന് കഴിയുന്ന അശ്വതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ആണെന്നും ഭർത്താവ് പൊലീസ് ഡ്രൈവർ ആണെന്നുമാണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
താന്‍ പൊലീസ് ആണെന്ന് വിശ്വസിപ്പിക്കാനായി സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടയിൽ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇവർ സൂക്ഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ കാണിച്ച് ആണ് ഇവർ പലരെയും പൊലീസ് ആണെന്ന് വിശ്വസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാൽ കുറച്ചു പേരോട് സീരിയൽ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ആൾമാറാട്ടം നടത്തിയതിനും വഞ്ചനാ കുറ്റത്തിനുമാണ് പൊലീസ് അശ്വതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു.