‘ജോൺപോളേട്ടന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു’; മോഹൻലാൽ

news image
Apr 23, 2022, 4:21 pm IST payyolionline.in

കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ മോഹൻലാൽ. ജോൺ പോളിന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്‌ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയാണ് അദ്ദേഹമെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു ജോൺ പോളിന്റെ മരണം.

‘പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്‌ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം’. മോഹൻലാൽ കുറിച്ചു.

 

ഉച്ചയോടെയാണ് മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് വിടവാങ്ങിയത്. രണ്ടുമാസമായി അദ്ദേഹം വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശനാക്കിയിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥയൊരുക്കിയിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളാണ് അവസാനമായി തിരക്കഥ രചിച്ച ചിത്രം.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe