ടിക്കറ്റ് എടുത്തത് ഉച്ചക്ക്, ഒപ്പം ജപ്തി നോട്ടീസും; ഒടുവിൽ മീൻ വിൽപ്പനക്കാരന് 70 ലക്ഷം

news image
Oct 13, 2022, 11:25 am GMT+0000 payyolionline.in

ശാസ്താംകോട്ട : ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് എത്തി മണിക്കൂറുകൾക്കുള്ളിൽ മീൻ വിൽപ്പനക്കാരനെ തേടി ഭാ​ഗ്യദേവതയുടെ കടാക്ഷം. ഇടവനശേരി ഷാനവാസ് മൻസിൽ പൂക്കുഞ്ഞിനാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മനമായ 70 ലക്ഷം ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അക്ഷയ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ്.

വടക്കൻ മൈനാഗപ്പള്ളി മേഖലയിൽ സ്കൂട്ടറിൽ മീൻ വിൽപ്പന നടത്തുന്ന ആളാണ് പൂക്കുഞ്ഞ്. വലിയ സാമ്പത്തിക ബാധ്യതയും ഇദ്ദേഹത്തിനുണ്ടായിരുന്നു. വീട് വയ്ക്കാനായി വായ്പയെടുത്ത 9 ലക്ഷത്തിന്റെ വായ്പ കുടിശ്ശിക ആയതോടെ ജപ്തി ഭീഷണിയിലായി ഇദ്ദേഹം. ബുധനാഴ്ച മീൻ വിറ്റുവരുന്ന വഴിയിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽ നിന്നുമാണ് പൂക്കുഞ്ഞ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്.

ഈ ടിക്കറ്റുമായി വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ എത്തിയത് ജപ്തി നോട്ടീസും. പലിശയടക്കം 12 ലക്ഷത്തോളം രൂപയാണു തിരിച്ചടയ്ക്കാനുള്ളത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന വേളയിലാണ് മൂന്ന് മണിയോടെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒടുവിൽ താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് അറിയിച്ചു കൊണ്ടുള്ള ഫോൺ കാൾ പൂക്കുഞ്ഞിനെ തേടി എത്തുകയായിരുന്നു. ആദ്യം വിശ്വാസം വന്നില്ലെങ്കിലും പതിയെ ആ യാഥാർത്ഥ്യം ഈ നാൽപതുകാരൻ വിശ്വസിച്ചു. മുംതാസ് ആണ് പൂക്കുഞ്ഞിന്റെ ഭാര്യ. മുനീറും മുഹ്സിനയും ആണ് മക്കൾ. സ്വന്തം കിടപ്പാടം നഷ്ടമാകില്ലല്ലോ എന്ന സന്തോഷത്തിലാണ് ഈ കുടുംബം ഇപ്പോൾ.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയാണ് അക്ഷയ. 40 രൂപയാണ് ടിക്കറ്റ് വില. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനാര്‍ഹന് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe