‘ ടിപി കേസ് പ്രതികൾ വിഹരിക്കുന്നത് സർക്കാർ പിന്തുണയോടെ, ലഹരിപ്പാർട്ടിയിൽ ഒരത്ഭുതവുമില്ല ‘ : കെകെ രമ

news image
Jan 11, 2022, 11:31 am IST payyolionline.in

തിരുവനന്തപുരം:  ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് എന്നും സിപിഎമ്മിന്റെയും സർക്കാരിന്റെയും പിന്തുണ ലഭിക്കുന്നതായി കെകെ രമ എംഎൽഎ. ടിപി കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച മുഖ്യപ്രതികളിലൊരാളായ കിർമാണി മനോജ് സ്വകാര്യ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയതിൽ ഒരു അത്ഭുതവും തോന്നുന്നില്ലെന്നും രമ  പറഞ്ഞു.

 

‘കൊലയാളികൾ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണ്. കൊവിഡിന്റെ പേരിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി ടിപി കേസിൽ ജീവപര്യന്തം അടക്കം ശിക്ഷ ലഭിച്ച പ്രതികൾ ജയിലിന് പുറത്താണ്. സിപിഎമ്മിന്റെയും സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികൾക്ക് മാഫിയ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താനുള്ള സൌകര്യമൊരുക്കി നൽകുന്നത് സിപിഎമ്മും സർക്കാരുമാണ്’. ഗുണ്ടകൾ റിസോർട്ടിൽ ഒത്തുചേർന്നത് പൊലീസ് അറിഞ്ഞില്ലേയെന്നും ഇന്റലിജൻസ് വിഭാഗവും പൊലീസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.

 

വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ള 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. പൊലീസ് നടത്തിയ പരിശോധനയിൽ  അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നതെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്നായിരുന്ന് ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe