തിരുവനന്തപുരം: എതിരാളിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കീഴാറൂര്‍ കൊല്ലംകാല ശ്യാം നിവാസില്‍ ശരത്‌ലാല്‍ എന്ന ശരത്തിന്റെ ജാമ്യ ഹരജി തളളി. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ എതിരാളിയെ ടിപ്പറിടിച്ച് കൊന്ന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു ഹരജി തളളിയത്.
വെറുമൊരു വാഹനപകട കേസിനെ പ്രോസിക്യൂഷന്‍ കൊലപാതകമായി ചിത്രീകരിച്ചതാണെന്ന പ്രതിഭാഗം വാദം കോടതി തളളി. പെരുങ്കടവിള തോട്ടവാരം കുഴിവിള മേലെ പുത്തന്‍ വീട്ടില്‍ രഞ്ജിത് ആര്‍. രാജിനെയാണ് പ്രതി തന്റെ സഹോദരന്റെ ഉടമസ്ഥതയിലുളള ടിപ്പര്‍ ഓടിച്ച് കയറ്റി കൊലപ്പെടുത്തിയത്.
ബുളളറ്റില്‍ രഞ്ജിത് വരുന്നത് അറിഞ്ഞ് പുനയല്‍കോണത്ത് കാത്തുനിന്ന പ്രതി ബുളളറ്റിന് എതിര്‍ദിശയിലെത്തി പാഞ്ഞ് കയറുകയായിരുന്നു. പ്രതി മുന്‍കൂട്ടി തയാറാക്കിയ ആസൂത്രിതമായ കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നേര്‍ക്ക് നേരെ ഇടിച്ച് വീഴ്ത്താനായില്ലെങ്കില്‍ രഞ്ജിത്തിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന പ്രത്യേക പദ്ധതിയും പ്രതികള്‍ തയാറാക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കൊലപാതകം ഒരു സാധാരണ വാഹനപകട കേസായി മാറ്റാനായിരുന്നു പ്രതികളുടെ ശ്രമം. പൊലീസ് അന്വേഷണത്തിന്റെ മികവ് കൊണ്ടാണ് കൊലപാതക കേസ് തെളിയിക്കാനായതെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
2015ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട രഞ്ജിത്. ആനാവൂരിലെ ഡെല്‍റ്റ കമ്പനിയില്‍ നിന്ന് ലോഡ് എടുക്കുന്നതിന്റെ സീനിയോറിറ്റിയെ സംബന്ധിച്ച് കൊല്ലപ്പെട്ട രഞ്ജിത്തും ശരത്‌ലാലുമായി നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ ചൊല്ലി ഈസ്റ്റര്‍ റാലിക്കിടെയും പെരുമ്പഴുതൂരില്‍ വച്ച് ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഈ വിരോധമാണ് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.