ടീസ്റ്റയ്ക്ക് പിന്നാലെ ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

news image
Jun 25, 2022, 7:41 pm IST payyolionline.in

അഹമ്മദാബാദ്:  ടീസ്റ്റ സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെയും എടിഎസ്  അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ വീട്ടിൽ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോയെന്ന് മകൾ പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് അറസ്റ്റ് കാര്യം അറിയിച്ചത്. വാറണ്ട് ഇല്ലാതെയാണ് പൊലീസ് വന്നതെന്നും മകൾ ദീപ പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി. ഗുജറാത്ത്  കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ  ഹർജി.

സമാന കേസിൽ സാമൂഹിക പ്രവർത്തക  ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെന്നും അവർ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി  അവർ അവരെ പിടിച്ചുകൊണ്ടുപോയെന്നും ടീസ്റ്റയുടെ അഭിഭാഷകനും പ്രതികരിച്ചു. ഐപിസി സെക്ഷൻ 468- വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ എന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe