ട്രാഫിക് നിയമം : പ്രവാസികൾക്ക് ഒന്നിൽ അധികം വാഹനങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

news image
Oct 26, 2024, 8:56 am GMT+0000 payyolionline.in

കുവൈത്ത് സിറ്റി > പുതിയ ട്രാഫിക് നിയമം വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒരു വാഹനത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രിക്ക് എക്സിക്യൂട്ടീവ് റെഗുലേഷൻ പുറപ്പെടുവിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 1.9 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസുകളും 2.5 ദശലക്ഷം വാഹനങ്ങളും കുവൈത്തിലുണ്ട്.

കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി കൊണ്ട് തയ്യാറാക്കിയ പുതിയ കരട് നിയമം പൂർത്തിയാക്കി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസുഫിന്റെ അവലോകനത്തിനായി സമർപ്പിച്ചു.അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുന്ന കരട് നിയമം മന്ത്രിസഭയുടെയും അമീറിന്റെയും അംഗീകാരം ലഭിച്ച ഉടൻ പ്രാബല്യത്തിൽ വരുമെന്ന് യൂസഫ് അൽ ഖദ്ദ വ്യക്തമാക്കി.ഗതാഗത നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

 

രാജ്യത്ത് പ്രതിദിനം ശരാശരി 300 വാഹനപകടങ്ങളാണ് രേഖപ്പെടുത്തുന്നത്.ഇവയിൽ 90 ശതമാനവും അശ്രദ്ധയോടെ ഡ്രൈവിങ് ചെയ്യുന്നത് മൂലമാണ് സംഭവിക്കുന്നത്.ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെ 75 ദിനാർ പിഴ ചുമത്തമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.സീറ്റ് ബെൽറ്റ്‌ ധരിക്കാതെ ഡ്രൈവിങ് ചെയ്യുന്നവർക്കെതിരെ 30 ദിനാറും, നിരോധിത സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്യുന്നവർക്കെതിരെ 15 ദിനാറും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനു 150 ദിനാറുമാണ് പിഴ ചുമത്തുക.ചുവപ്പ് സിഗ്നൽ മറികടക്കൽ, മത്സരയോട്ടം മുതലായ നിയമ ലംഘനങ്ങൾക്ക് 150 ദിനാർ പിഴ ചുമത്തുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.റോഡുകളിൽ വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷക്കും പുറമെ നിശ്ചിത കാലയളവിലേക്ക് നിർബന്ധിത സാമൂഹിക സേവനങ്ങൾക്ക് നിയോഗിക്കുവാനും പുതിയ നിയമത്തിൽ ആവശ്യപ്പെടുന്നു.

പുതിയ നിയമം അനുസരിച്ച് അസാധാരണമായ അവസ്ഥയിൽ (മദ്യപിച്ച്) വാഹനം ഓടിക്കുന്നതിനുള്ള പിഴ 1,000 കുവൈറ്റ് ദിനാറിൽ കുറയാത്തതും 3,000 കുവൈറ്റ് ദിനാറിൽ കൂടാത്തതുമാണ്, കൂടാതെ ഒരു വർഷത്തിൽ കുറയാത്ത തടവും. മദ്യപിച്ച് വാഹനമോടിക്കുകയും സ്വത്തുക്കൾക്ക് നാശം വരുത്തുകയും ചെയ്താൽ 2000 മുതൽ 3000 ദിനാർ വരെ പിഴയും 1 മുതൽ 3 വർഷം വരെ തടവും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയാൽ 2,000 മുതൽ 5,000 ദിനാർ വരെ പിഴയും രണ്ട് വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe