കായംകുളം : പ്ലസ്ടു വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും കാരണം ട്രെയിന് മുന്നിൽപ്പെട്ട വയോധികയ്ക്ക് പുതുജീവൻ. ഓച്ചിറ കൊറ്റമ്പള്ളി കൊട്ടയ്ക്കാട്ട് തെക്കതിൽ രത്നമ്മ(70)യാണ് പ്ലസ് ടു വിദ്യാർത്ഥിയുടെ സാഹസികമായ ഇടപെടലിന തുടർന്ന് മരണത്തിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥി ആദർശ് ആനന്ദാണ് വൃദ്ധയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ചങ്ങൻകുളങ്ങര പോംസി റെയിൽവേ ക്രോസിലാണ് സംഭവം.
സഹോദരിയുടെ പേരക്കുട്ടിയുടെ മരണമറിഞ്ഞ് അവിടേക്ക് പോകുകയായിരുന്നു രത്നമ്മ. റെയിൽവേ ക്രോസിൽ എത്തിയപ്പോൾ വടക്കുനിന്ന് തെക്കോട്ടേക്ക് ട്രെയിൻ കടന്നുപോയി. എന്നാൽ മറുവശം ശ്രദ്ധിക്കാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തെക്കുനിന്ന് ശബരി എക്സ്പ്രസ് പാഞ്ഞെത്തി. ട്രെയിൻ 200 മീറ്റർമാത്രം അകലെ എത്തിയപ്പോൾ രത്നമ്മ ട്രാക്കിലായിരുന്നു. ഈ സമയം സ്കൂളിലേക്ക് പോകാനെത്തിയ ഇരട്ടസഹോദരങ്ങളായ ആദർശ് ആനന്ദും ആദിത്യ ആനന്ദും അപകടം തിരിച്ചറിഞ്ഞ് ഇടപെടുകയായിരുന്നു.
ആദർശ് ട്രാക്കിലേക്കു ചാടി രത്നമ്മയെ പുറത്തേക്ക് തള്ളിമാറ്റിയതും ട്രെയിൻ കടന്നുപോയതും നിമിഷങ്ങൾക്കുള്ളിലായിരുന്നു. സംഭവം കണ്ടുനിന്നവരും നാട്ടുകാരും തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതരും ആദർശിനെയും ആദിത്യനെയും സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് അനുമോദിച്ചു. ഉപഹാരവും നൽകി. പ്രിൻസിപ്പൽ ഷീജ പി. ജോർജ്, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി അനൂപ്, അധ്യാപകരായ സുമാദേവി, ബിജു, ധന്യ, ഗ്രീഷ്മ, സജീവ്, നാരായണ അയ്യർ, ഷാജി, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു. വവ്വാക്കാവ് കുറുങ്ങപ്പള്ളി ചിന്നമ്പിൽ വീട്ടിൽ അനന്തൻ പിള്ളയുടെയും രാജശ്രീയുടെയും മകനാണ് ആദർശ്.