ട്രെയിൻ യാത്രക്കിടെ മദ്യം നൽകി പീഡന ശ്രമം; മലയാളി ജവാൻ അറസ്റ്റിൽ

news image
Mar 18, 2023, 3:51 pm GMT+0000 payyolionline.in

ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ മദ്യം നല്‍കി ബിരുദാനന്തര വിദ്യാര്‍ഥിനിയെ സൈനികൻ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന പത്തനംതിട്ട കടപ്ര മാന്നാര്‍ സ്വദേശിയായ പ്രതീഷ് കുമാറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പീഡനത്തിനിരയായ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ഭർത്താവിനോട് സംഭവങ്ങൾ പറഞ്ഞതോടെയാണ് സൈനികന് കുരുക്ക് വീണത്. തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി മദ്യലഹരിയിലായിരുന്നു. വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി വിവരം പറ‍ഞ്ഞത്.

കർണാടക സർവകലാശാലയിൽ പഠിക്കുന്ന പെൺകുട്ടി ഉഡുപ്പിയിൽ നിന്നാണ് രാജധാനി എക്‌സ്പ്രസില്‍ കയറിയത്. സൈനികന്റെ എതിർവശത്തുള്ള അപ്പർ ബർത്തിലാണ് വിദ്യാർഥിനിക്ക് സീറ്റ് ലഭിച്ചത്. യാത്രക്കിടെ സൈനികൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തിരുവനന്തപുരം വരെ പെൺകുട്ടിയും കൊല്ലം വരെ സൈനികനും യാത്ര ചെയ്യേണ്ടിയിരുന്നു. യാത്രക്കിടെ ഇരുവരും കൂടുതൽ സൗഹൃദത്തിലായി. അതിനിടെ ഇയാൾ പെൺകുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകി. വ്യാഴാഴ്ച രാത്രി ഏഴിനും ഒമ്പതിനും എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലാണ് മദ്യലഹരിയിലായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി 17 ഗാര്‍ഡ് സൈനിക ബറ്റാനിയിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ജമ്മുകശ്മീര്‍ രജൗറി ജില്ലയിലെ നരിയാന്‍ ട്രാന്‍സിസ്റ്റ് ക്യാമ്പില്‍ ജോലി ചെയ്യുന്ന സൈനികന്‍ അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe