വടകര: വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് സഹായഹസ്തവുമായി ഗവ. ജില്ലാ ആശുപത്രി രൂപവല്‍ക്കരിച്ച ധന്വന്തരി ഡയാലിസിസ് നിധി സമാഹരണം വന്‍ വിജയമായി. ഇന്നലെ നടന്ന ഗ്യഹസന്ദര്ശന പരിപാടിയിലൂടെ 3,36,75,161 രൂപ സമാഹരിച്ചു. എണ്‍പതിനായിരം വീടുകള്‍ ലക്ഷ്യമിട്ടു നടത്തിയ ഗ്യഹസന്ദര്ശന പരിപാടിയില്‍ 12 ശതമാനം വീടുകളില്‍ ആളില്ലാത്തതിനാല്‍ അവരുടെ സഹായം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. ലക്ഷ്യമിട്ട മൂന്നു കോടി രൂപയിലധികം സമാഹരിച്ചു കൊണ്ട് ധന്വന്തരി നിധി കേരളത്തിനു തന്നെ മാതൃകയായി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് പോലും വിഹിതം നല്കി നിധിയുടെ വിജയത്തില്‍ പങ്കാളികളായത് ശ്രദ്ധേയം. വടകര നഗരസഭയില്‍ നിന്ന് 59, 76, 117 രൂപയാണ് ലഭിച്ചത്. പഞ്ചായത്തുകളില്‍ ഏറാമല പഞ്ചായത്ത് 32, 47, 665 രൂപ സമാഹരിച്ചു മുന്നിട്ടു നിന്ന്. മണിയൂര്‍ പഞ്ചായത്ത് 29, 02, 424 രൂപയും ചോറോട് പഞ്ചായത്ത് 28,87,641 രൂപയും വില്യാപ്പള്ളി പഞ്ചായത്ത് 25, 63,227 രൂപയും ഒഞ്ചിയം പഞ്ചായത്ത് 18,07,530 രൂപയും ആയഞ്ചേരി പഞ്ചായത്ത് 16,41,753 രൂപയുമാണ് സമാഹരിച്ചത്. ഓഗസ്റ്റ് 31 കമ്മിറ്റി രൂപവല്ക്കരിച്ചതിനു ശേഷം 14 ഡയാലിസിസ് യന്ത്രങ്ങള്‍ സംഭാവനയായി ലഭിച്ചു.സംഘാടക സമിതിക്ക് നേരിട്ട് ഇരുപതു ലക്ഷത്തിലധികം രൂപയും സംഭാനയായി കിട്ടി.
ഇന്നലെ രാവിലെ ഏഴിന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പതിനായിരത്തിയൊന്ന് രൂപ ആദ്യ വിഹിതം നല്കി നിധി സമാഹരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ റീനയുടെ നേതൃത്വത്തിലുള്ള ഹൌസ് കമ്മിറ്റിയോടൊപ്പം അദ്ദേഹം ഗ്യഹസന്ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡോ.പീയുഷ് നമ്പൂതിരി, ചെയര്മാന് സി.ഭാസ്കരന്, കണ്‍വീനര്‍ എടയത്ത് ശ്രീധരന്, ടി.ഐ നാസര്‍, വടയക്കണ്ടി നാരായണന് എന്നിവര്‍ ചേര്‍ന്നാണ് തുക ഏറ്റുവങ്ങിയത്. സി.കെ നാണു എം.എല്‍.എ അദ്ദേഹത്തിന്റെ വിഹിതമായ 2,000 രൂപ നല്കി. ചിട്ടയായ പ്രവര്‍ത്തനവും സംഘടനവുമായിട്ടാണ് നിധി സമാഹരണം നടന്നത്. ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘം ഓരോ പഞ്ചായത്തിലെയും ഫണ്ട് ഏറ്റുവാങ്ങി.
അഴിയൂരില്‍ സി.വി രാജു, ഒഞ്ചിയത്ത് വിനോദ് കായക്കണ്ടി, ഏറാമലയില്‍ എം.കെ ഭാസ്കരന്, ചോറോട് പ്രൊഫ.കെ.കെ മഹമ്മൂദ്, വില്യാപ്പള്ളിയില്‍ ഡോ. പി ജോതികുമാര്‍, ആയഞ്ചേരിയില്‍ മുക്കോലക്കല്‍ ഹംസ, തിരുവള്ളൂരില്‍ വടയക്കണ്ടി നാരായണന്, മണിയൂരില്‍ വി.ഗോപാലന്, വടകരയില്‍ പി.ബാലന്-പി എസ് രഞ്ജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്നലെ നടന്ന നിധി സമാഹരണത്തില്‍ ഏറാമല പഞ്ചായത്തിലെ പറമ്പത്തുപൊയില് വേണുഗോപാലന്‍ ആറു ലക്ഷം രൂപ വിലമതിക്കുന്ന ഡയാലിസിസ് യന്ത്രം സംഭാവന നല്കി. നഗരസഭ മൂന്നാം വാര്‍ഡില്‍ ഡോ. കെ.ജി നമ്പ്യാര്‍ ഒരു ലക്ഷം രൂപ സംഭാവന നല്കി.ടൌണിലെ ഫിസ്മി പ്ലൈവുഡ് ഉടമ സലാം ഹാജി 25,000 രൂപ നല്കി.