ഡിസംബര്‍ 10 – ഇന്ന് ലോക മനുഷ്യാവകാശ ദിനം…

news image
Dec 10, 2013, 9:53 am IST payyolionline.in
ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനം. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 65-ാം വാര്‍ഷികമാണല്ലോ ഇന്ന്‌. മനുഷ്യാവകാശങ്ങളുടെയും അടിസ്‌ഥാന സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണം അന്തര്‍ദേശീയ തലത്തില്‍ ഉറപ്പാക്കുന്നതിനുവേണ്ടി ഐക്യരാഷ്‌ട്രസഭ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമം രൂപീകരിക്കാന്‍ തീരുമാനിക്കുകയും സഭയുടെ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സോഷ്യല്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലുള്ള കമ്മിഷന്‍ ഓണ്‍ ഹ്യൂമന്‍ െറെറ്റ്‌സ്‌ എന്ന വിഭാഗം ഈ പ്രശ്‌നത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കുകയും ചെയ്‌തു. 1947-ല്‍ കമ്മിഷന്‍ മനുഷ്യാവകാശ നിയമങ്ങള്‍ എഴുതിയുണ്ടാക്കാന്‍ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‌തു. ഏലിനോ റൂസ്‌വെല്‍റ്റായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷ. കമ്മിറ്റി തയാറാക്കിയ മനുഷ്യാവകാശ നിയമങ്ങള്‍, 1948 ഡിസംബര്‍ 10-നു ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ചു. ആമുഖവും മുപ്പത്‌ അനുച്‌ഛേദങ്ങളുമുള്ള ഈ നിയമമാണ്‌ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം. ഇത്‌അംഗീകരിച്ച്‌ ഡിസംബര്‍ 10 പിന്നീട്‌ മനുഷ്യാവകാശദിനമായി ആചരിക്കുന്നു.
എല്ലാമനുഷ്യരുടേയും അര്‍ഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്.  മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയില്‍ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുന്‍പില്‍ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉള്‍പ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും , ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .
”എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തില്‍ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അര്‍ഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവര്‍പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.”

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe