ഡിസംബര്‍ 3 – ഭോപ്പാൽ ദുരന്തത്തിന് 29 വയസ്സ്

news image
Dec 3, 2013, 12:52 am IST payyolionline.in

അമേരിക്കന്‍  രാസവ്യവസായഭീമനായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെഇന്ത്യയിലെ  ഭോപ്പാലിലുണ്ടായിരുന്ന  കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് എട്ടാമത്തെ വര്‍ഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബൺ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.

കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയില്‍ ആള്‍ക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.  2 ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ,  കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാന്‍സര്‍, ക്ഷയം, തളര്‍ച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കി. ദുരന്തത്തിന്റെ പരിണിതഫലങ്ങള്‍ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു. ഗ്ലോബല്‍ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌  ഗ്രീന്‍പീസ്‌ പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്.

ഭോപ്പാല്‍ ദുരന്തം മൂലം രോഗികളായിത്തീര്‍ന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കല്‍ കമ്മീഷന്‍ 1993-ല്‍ നിലവില്‍ വന്നു. 2010 ജൂണില്‍ മുന്‍ യു.സി.ഐ.എല്‍ ചെയര്‍മാനടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേര്‍ മരിക്കാനിടയായത് എന്നതിനാല്‍ ഇവര്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും രണ്ടായിരം അമേരിക്കന്‍ ഡോളര്‍ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുന്‍തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീര്‍പ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.

ദുരന്തപശ്ചാത്തലം

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ല്‍ ഭോപ്പാലില്‍ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും 49% ഇന്ത്യന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ആയിരുന്നു. ഇവിടെ നിന്ന് കാര്‍ബാറില്‍ (സെവിന്‍) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാര്‍ബാറില്‍ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈല്‍ ഐസോസയനേറ്റ്. 1979-ല്‍ മീതൈല്‍ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേര്‍ത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കള്‍ക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.

ഡിസംബര്‍ രണ്ടാം തീയതി രാത്രി 42 ടൺ മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വന്‍തോതില്‍ വെള്ളം കയറി. അപ്പോള്‍ നടന്ന രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയര്‍ന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വര്‍ദ്ധിച്ചു. ഇങ്ങനെ അമിതമര്‍ദ്ദം വരുമ്പോള്‍ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയില്‍ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവര്‍ത്തിച്ച് വന്‍തോതില്‍ വിഷവാതകം പുറന്തള്ളി. രാസപ്രവര്‍ത്തനം ചെറുക്കാന്‍ ശേഷിയുള്ള ലോഹങ്ങള്‍ കൊണ്ടായിരുന്നില്ല വാതകക്കുഴലുകള്‍ നിര്‍മിച്ചിരുന്നത്. അവ രാസപ്രവര്‍ത്തനത്തില്‍ ദ്രവിക്കുകയും ചെയ്തു. ഫോസ്ജീന്‍, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബൺ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈല്‍ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങള്‍ തത്ക്ഷണം മരിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe