തിരുവനന്തപുരം ∙ സർക്കാർ ആശുപത്രിയിൽ ഡോക്ടർ കുത്തേറ്റു മരിച്ചതിൽ സുരക്ഷാ വീഴ്ചയില്ലെന്നു സ്ഥാപിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയ പരാമർശം വിവാദത്തിൽ. കൊല്ലപ്പെട്ട ഡോക്ടർക്കു പരിചയസമ്പത്തില്ലെന്ന പരാമർശമാണു വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.
‘പൊലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രിയാണത്. പൊലീസ് കൊണ്ടവന്ന പ്രതിയുമാണല്ലോ. പൊലീസുകാരുടെ മധ്യത്തിലായിരുന്നു സംഭവം. പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ആ മോൾ ഹൗസ് സർജനാണ്. അത്ര പരിചയസമ്പത്തില്ല. ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നുപോയി എന്നാണ് അവിടത്തെ ഡോക്ടർമാർ അറിയിച്ചത്. പേടിച്ച് ഓടാൻ കഴിയാതെ അവിടെ വീണുപോയി’– ഇതായിരുന്നു വാക്കുകൾ.
ഈ പരാമർശത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകളും പ്രതിപക്ഷനേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ആക്രമണത്തിൽ മരിച്ചതു പരിചയസമ്പത്തില്ലാത്തതു കൊണ്ടാണെന്ന മട്ടിലുള്ള പരാമർശം ഡോക്ടറെ അപമാനിക്കുന്നതാണെന്നു പ്രതിഷേധ സമരം നടത്തിയ ഹൗസ് സർജൻമാർ ആവശ്യപ്പെട്ടു.
ഇതോടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു വിശദീകരിച്ച് മന്ത്രി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ‘അവിടെയുള്ള ആരോഗ്യ പ്രവർത്തകർ അറിയിച്ച കാര്യങ്ങളാണു ഞാൻ പറഞ്ഞത്. വാക്കുകളെ വളച്ചൊടിച്ചു വിവാദമാക്കാൻ ശ്രമിക്കുന്നത് എന്തു ക്രൂരതയാണ്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം’– മന്ത്രി ന്യായീകരിച്ചു.