ഡോക്ടർമാരെ കയ്യേറ്റം ചെയ്ത പരാതിയിൽ കിടപ്പുരോഗി അറസ്റ്റിൽ

news image
May 25, 2023, 3:03 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കിടപ്പു​രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീർ ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇയാൾ പൊട്ടിക്കരഞ്ഞു.

റസിഡന്റ് ഡോക്ടർമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്ടർമാരെ സുധീർ ഷർട്ടിൽ പിടിച്ച് തള്ളിയെന്നാണ് പരാതി.

അതിനിടെ, കടുത്തശിക്ഷകൾ ഉൾപ്പെടുത്തി ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓർഡിനൻസ് പുറത്തുവന്നു. ഇതുപ്രകാരം ആരോഗ്യപ്രവർത്തകർക്കെതിരെ ‘വാക്കാലുള്ള അപമാനവും’ മൂന്നുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഓർഡിനൻസ് പുറത്തിറക്കിയ ഘട്ടത്തിൽ മന്ത്രി നൽകിയ വിശദീകരണത്തിലോ മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ വാർത്താകുറിപ്പിലോ ഇക്കാര്യം പരാമർശിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഗവർണർ ഒപ്പുവെച്ചശേഷം ഓർഡിനൻസ് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

‘വാക്കാലുള്ള അപമാനമെന്നാൽ അധിക്ഷേപിക്കണമെന്നോ അവഹേളിക്കണമെന്നോ തരംതാഴ്ത്തണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ഉപയോഗിക്കുന്ന വാക്കുകൾ’ എന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റത്തിന് മൂന്നുമാസംവരെ തടവിനും അല്ലെങ്കിൽ 10,000 രൂപവരെ പിഴക്കും അല്ലെങ്കിൽ ഇവ രണ്ടിനുംകൂടി ശിക്ഷിക്കപ്പെടാം.

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണവും ആക്രമണത്തിന് പ്രേരിപ്പിക്കലുമാണ് തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതായി മന്ത്രിസഭ യോഗത്തിന് ശേഷമുള്ള കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. അക്രമം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചുവർഷം വരെയും തടവ് കിട്ടാമെന്നതായിരുന്നു ഭേദഗതി. ഒപ്പം കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ട് ലക്ഷം രൂപവരെയും പിഴ വിധിക്കാം.

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കഠിനമായ ദേഹോപദ്രവത്തിനാകട്ടെ ഒരു വർഷത്തിൽ കുറയാതെയും പരമാവധി ഏഴുവർഷം വരെയും തടവ്. ഒപ്പം ലക്ഷം രൂപയിൽ കുറയാതെയും പരമാവധി അഞ്ചുലക്ഷം രൂപവരെ പിഴയുമെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ഇതിന് പുറമെയാണ് ദുരുപയോഗ സാധ്യത ഏറെയുള്ള വാക്കാലുള്ള അപമാനം ഉൾപ്പെടുത്തിയിരിക്കുന്നത്.

സുരക്ഷ ജീവനക്കാരെ ആരോഗ്യപ്രവർത്തകരിൽ ഉൾപ്പെടുത്തിയാണ് പുതിയ നിയമഭേദഗതി. പാർക്കിങ് മുതൽ പ്രവേശനം വിലക്കുന്നതുവരെയുള്ള കാരണങ്ങളുടെ പേരിൽ സുരക്ഷ ജീവനക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പതിവാണ്. ഇത്തരം സാധാരണ തർക്കങ്ങൾപോലും വാക്കാലുള്ള അപമാനത്തിൽ പരിഗണിക്കപ്പെടുന്നതോടെ സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാരുമാണ് ശിക്ഷിക്കപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe