ഡ്യൂട്ടിയിലുള്ള പൊലീസുകാർ രാത്രി ലൈവ് ലൊക്കേഷൻ പങ്കുവെക്കണമെന്ന് ഡൽഹി പൊലീസ്

news image
Jan 8, 2023, 5:54 am GMT+0000 payyolionline.in

ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ കാറിടിച്ച് കിലോമീറ്ററോളം വലിച്ചിഴച്ച് 20തുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ നിർദേശവുമായി ഡൽഹി പൊലീസ്. രാത്രിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ നിർബന്ധമായും അവരുടെ ലൈവ് ലൊക്കേഷൻ പങ്കുവെക്കണമെന്ന് ഡൽഹി പൊലീസ് ഉത്തരവിറക്കി. രാത്രി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ഡെപ്യൂട്ടി പൊലീസ് കമീഷണറെ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ), ആന്റി ടെററിസ്റ്റ് ഓഫീസർ (എ.ടി.ഒ) എന്നിവരോട് അവരുടെ ലൈവ് ലൊക്കേഷനുകൾ പങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അർധരാത്രി 12 മുതൽ പുലർച്ചെ നാലുമണി വരെ ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസുകാരും അവരുടെ ലൈവ് ലൊക്കേഷനുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം. ഒരു പൊലീസുകാരന് പോലും ഡി.സി.പിയുടെ അനുമതിയില്ലാതെ സ്റ്റേഷന് പുറത്ത് പോകാൻ സാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ജനുവരി ഒന്നിന് കാറിടിച്ച് യുവതി മരിക്കാനിടയായ പശ്ചാത്തലത്തിലാണ് നടപടിയെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.

പുതുവത്സര ദിനത്തിൽ പുലർച്ചെ രണ്ട് മണിക്ക് ശേഷം അഞ്ജലി സിങ് തന്റെ സ്‌കൂട്ടറിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കാറിടിച്ചതിന് ശേഷം കിലോമീറ്ററോളം യുവതിയെ വലിച്ചിഴക്കുകയും ചെയ്തിരുന്നു. യുവതി കാറിനടിയിൽ കുടുങ്ങിയതായി മനസിലാക്കിയ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കേസിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe