ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

news image
May 3, 2024, 5:56 am GMT+0000 payyolionline.in

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ മോട്ടോർ വാഹന വകുപ്പിന് ആശ്വാസം. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.

ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കിയത്. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം.

ഈ സാഹചര്യത്തിൽ 4/2024  സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ വിധി വരുന്നത് സർക്കുലർ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. എന്നാൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്‍റെ ചുവട് പിടിച്ചാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. ഗിയർ ഇല്ലാത്ത ഇരുചക്ര  വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും  15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ മുതലാണ് ഡ്രൈവിങ് പരിഷ്കരണം പ്രാബല്യത്തില്‍ വന്നതെങ്കിലും സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമര സമിതി സമരവുമായി രംഗത്തെത്തിയതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe