ഡൽഹിയിൽ ഓളമുണ്ടാക്കാനാകാതെ ആപ്-കോൺഗ്രസ് സഖ്യം; ഏഴു സീറ്റിലും ബി.ജെ.പി മുന്നിൽ

news image
Jun 4, 2024, 6:24 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹിയിൽ പ്രതീക്ഷിച്ച ചലനമുണ്ടാക്കാനാകാതെ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ഡൽഹിയിലെ ഏഴു സീറ്റിലും ബി.ജെ.പി മുന്നിലാണ്. ബി.ജെ.പി തൂത്തുവാരുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്.

ജയിലിൽനിന്ന് ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കാടിളക്കി പ്രചാരണം നടത്തിയിട്ടും ഏശിയില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. സഖ്യമായി മത്സരിച്ച ഡൽഹിയിൽ ആപ് നാലു സീറ്റുകളിലും കോൺഗ്രസ് മൂന്നു സീറ്റിലുമാണ് മത്സരിച്ചത്. കടുത്ത മത്സരം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിൽ ബി.ജെ.പിയുടെ മനോജ് തിവാരി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ കനയ്യ കുമാറാണ് കോൺഗ്രസ് സ്ഥാനാർഥി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. 56.8 ശതമാനം വോട്ടുകളായിരുന്നു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബി.ജെ.പി നേടിയിരുന്നത്. ബി.ജെ.പി വെല്ലുവിളി അതിജീവിക്കാൻ കെജ്‍രിവാളിന്റെ അറസ്റ്റിനും രാഷ്ട്രീയമായ വേട്ടയാടലെന്ന ആരോപണത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ഫലം തെളിയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe