ന്യൂഡൽഹി: കൊടും ശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി. ഇന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമായിരിക്കും. അടുത്ത 4 ദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.നഗരത്തിന്റെ പല ഭാഗത്തും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് മൂലം ഇന്നലെയും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ഡൽഹിയിൽ നിന്നു യാത്ര ആരംഭിക്കുന്നതും ഇതുവഴി കടന്നുപോകുന്നതുമായ 24 ട്രെയിനുകൾ വൈകിയെന്ന് റെയിൽവേ അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തിനു പരിസരത്ത് ദൂരക്കാഴ്ച പരിധി 100 മീറ്ററിൽ താഴെയായിരുന്നു. 124 വിമാനങ്ങൾ വൈകി. മൂടൽമഞ്ഞ് കാരണം രാവിലെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.