തട്ടിക്കൊണ്ടുപോകലിന്‍റെ ബുദ്ധികേന്ദ്രം പത്മകുമാറിന്‍റെ ഭാര്യ; മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചതും അനിതാകുമാരി!

news image
Dec 2, 2023, 9:51 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ഓയൂരിൽ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു  പോന്നത് അനിതാകുമാരിയെന്നും വെളിപ്പെടുത്തൽ. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികൾ ആശ്രാമം മൈതാനം വിട്ടുപോയത്. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു. അതുപോലെ തന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതും അനിതാകുമാരിയാണെന്ന് എഡ‍ിജിപി അജിത്കുമാർ വ്യക്തമാക്കി.

കുട്ടിയുമായി അനിതാ കുമാരി ഓട്ടോയിൽ കയറിയ സമയത്ത് മറ്റൊരു ഓട്ടോയിൽ പത്മകുമാറും ഇവരുടെ പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളേജ് കുട്ടികൾ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രതികളായ പത്മകുമാറും അനിതാ കുമാരിയും മറ്റൊരു ഓട്ടോ വിളിച്ച് തിരികെ പോയത്. രണ്ട് ഓട്ടോകളിലായിട്ടാണ് ഇവർ ലിങ്ക് റോഡിൽ വന്നിറങ്ങിയത്. പിന്നീട് കാറിൽ വീട്ടിലേക്ക് മടങ്ങിപ്പോയുകയാണുണ്ടായത്.

കുട്ടിയെ ആശ്രാമം മൈതാനത്ത്  ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആ ദൃശ്യങ്ങളിൽ കുട്ടിയെ ഒക്കത്തിരുത്തിയാണ് ഒരു സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിക്കുന്നത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ആശ്രാമം മൈതാനത്ത് തനിച്ചിരിക്കുന്ന കു‍ഞ്ഞിനെ കണ്ടെത്തിയത് കോളേജ് വിദ്യാർത്ഥികളായിരുന്നു. മഞ്ഞ ചുരിദാർ ധരിച്ച, മാസ്ക് ധരിച്ച സ്ത്രീ കുഞ്ഞിനെ ഇവിടെ ഇരുത്തി പോകുന്നത് കണ്ടതായി കോളേജ് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe