തട്ടിക്കൊണ്ടുപോകലിന് പിന്നിൽ വൻ ഗൂഡാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ, ഒരേ റൂട്ടിൽ പല നമ്പറുകൾ

news image
Dec 1, 2023, 3:56 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നിൽ വൻ ഗൂഡാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്പറുകളുണ്ടെന്നാണ് വിവരം. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് കാർ ഓടിച്ചുവെന്നാണ് വിവരം. ഇത് അന്വേഷണം വഴിമുട്ടിക്കുന്നതിനുള്ള പ്രതികളുടെ തന്ത്രമാണ്. കുട്ടിയെ ആശ്രാമം മൈതാനത്തെത്തിച്ച ഓട്ടോയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ കാറിന്റെ നമ്പറായിരുന്നു. ഈ നമ്പർ വ്യാപകമായി പ്രചരിച്ചതോടെയാണ് യഥാർത്ഥ നമ്പർ കാറിന്റെ ഉടമ എടവണ്ണ സ്വദേശി ബിമൽ സുരേഷ് ധർമ്മസങ്കടത്തിലായത്.

സ്വന്തം കാർ പുറത്തിറക്കാൻ പറ്റുന്നില്ലെന്നാണ് കാർ ഉടമയായ എടവണ്ണ സ്വദേശി ബിമൽ സുരേഷ് പ്രതികരിച്ചത്. കാറിന്റെ നമ്പർ എല്ലായിടത്തും പ്രചരിക്കപ്പെട്ടുവെന്നും കാർ പുറത്തിറക്കിയാൽ ആളുകൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ലെന്നും ബിമൽ സുരേഷ് പറയുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രി പൊലീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നും മഞ്ചേരി യൂസ്‌ഡ് കാർ ഷോപ്പിൽ നിന്നാണ് കാർ വാങ്ങിയതെന്നും ബിമൽ  പറഞ്ഞു.

കെഎൽ 04 എഎഫ് 3239 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് ബിമൽ സുരേഷിന്റേത്. വെള്ള നിറത്തിലുള്ളതാണ് ഈ കാർ. കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. എന്നാൽ വ്യാജ നമ്പറായിരുന്നു ഘടിപ്പിച്ചത്. ബിമൽ സുരേഷിന്റെ കാർ ഉപയോഗിക്കുന്നത് ഡോക്ടർ കൂടിയായ അമ്മയാണ്. ഒരു സ്ഥിരം ഡ്രൈവറും കാറിനുണ്ട്. എന്നാൽ നാടൊന്നാകെ തിരച്ചിലിനിറങ്ങിയ കുട്ടിക്കടത്ത് കേസിൽ നമ്പർ പ്രതിക്കൂട്ടിലായതോടെ കാർ ഷെഡിൽ കയറി. ഇതുവരെ കാർ പിന്നീട് പുറത്തിറക്കിയിട്ടില്ല. പുറത്തിറക്കിയാൽ പ്രതികരണം എന്താകുമെന്ന് നോക്കണമെന്ന് ബിമൽ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe