തട്ടിപ്പ് കേസ്: ബിജെപി നേതാവും നടനുമായ ആർ.കെ.സുരേഷിന്റെ സ്വത്ത് മരവിപ്പിക്കാൻ നീക്കം

news image
Sep 28, 2023, 4:17 am GMT+0000 payyolionline.in

ചെന്നൈ ∙ ആരുദ്ര തട്ടിപ്പ് കേസിൽ പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത ബിജെപി നേതാവും നടനുമായ ആർ.കെ.സുരേഷിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ പൊലീസ് നീക്കം. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് വിഭാഗമാണ് ഇതു സംബന്ധിച്ച നിർദേശം അധിക‍ൃതർക്കു സമർപ്പിച്ചത്.സ്വത്തു മരവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സുരേഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തമിഴ്‌നാട് നിക്ഷേപക സംരക്ഷണ നിയമത്തിനായുള്ള (ടിഎൻപിഐഡി) പ്രത്യേക കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 30,000 രൂപ വരെ പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ചതിന് ആരുദ്ര ഗോൾഡ് ട്രേഡിങ് കമ്പനിക്കെതിരെ കഴിഞ്ഞ വർഷമാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം പൊലീസ് കേസെടുത്തത്. ഒരു ലക്ഷത്തോളം പേരെ കബളിപ്പിച്ച് 2438 കോടി രൂപ തട്ടിയെടുത്തതിന് 40 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. ബിജെപി നേതാവായ ഹരീഷ്, കമ്പനി ഡയറക്ടർ ഭാസ്‌കർ, മോഹൻബാബു, സെന്തിൽ കുമാർ, നാഗരാജ്, അയ്യപ്പൻ, റൂസോ എന്നിവരുൾപ്പെടെ 22 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ നടൻ ആർ.കെ.സുരേഷ് 12 കോടി രൂപ കൈപ്പറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്ന് ദുബായിൽ ഒളിവിൽ പോയ ആർ.കെ.സുരേഷിന് പലതവണ സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ്  സ്വത്ത് മരവിപ്പിക്കാൻ നടപടി ആരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe