തലയിലെ മുറിവുമായി യുപിയിലെ ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർ സൂചി മറന്നുവെച്ചെന്ന് ആരോപണം

news image
Sep 30, 2024, 11:37 am GMT+0000 payyolionline.in

ലക്നൗ: ഉത്തർപ്രദേശിലെ സർക്കാർ  ആശുപത്രിയിൽ മുറിവിന് തുന്നലിട്ട ഡോക്ടർ സർജിക്കൽ സൂചി മറന്നുവെച്ചെന്ന് ആരോപണം. തലയ്ക്ക് മുറിവുമായി ആശുപത്രിയിൽ എത്തിയ 18 വയസുകാരിയുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയ ഡോക്ടർ മദ്യ ലഹരിയിലായിരുന്നുവെന്നും ഇവ‍ർ ആരോപിച്ചു.

തലയ്ക്ക് മുറിവേറ്റ 18 വയസുകാരി സിതാരയെ  ഹാപൂരിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് ബന്ധുക്കൾ കൊണ്ടുപോയത്. തലയിൽ തുന്നലിടേണ്ട ആവശ്യമുണ്ടെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഇതനുസരിച്ച് ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് തുന്നലിട്ടു. തുടർന്ന് മുറിവ് കെട്ടി വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയതോടെ യുവതിക്ക് കടുത്ത വേദന തുടങ്ങി. സഹിക്കാനാവാതെ വന്നപ്പോൾ ബന്ധുക്കൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് സർജിക്കൽ നീഡിൽ കണ്ടത്. സൂചി എടുത്ത് മാറ്റിയ ശേഷമാണ് രോഗിക്ക് വേദനയിൽ നിന്ന് അൽപം ആശ്വാസം ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

ഡോക്ടർ മദ്യലഹരിയിലായിരുന്നുവെന്നും മറ്റാർക്കും ഇനി ഇത്തരമൊരു അവസ്ഥ വരാതിരിക്കാൻ കർശനമായ നടപടി വേണമെന്നും രോഗിയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ തലയിൽ നിന്ന് നീക്കം ചെയ്ത സൂചിയും അമ്മ മാധ്യമങ്ങളെ കാണിച്ചു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. എന്നാൽ ഡോക്ടർ മദ്യലഹരിയിലായിരുന്നു എന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ആരോപണ വിധേയനായ ഡോക്ടർ മദ്യപിക്കുന്ന ആളല്ലെന്നും ഇവർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe