തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മാർക്ക് വെഡ്ഡിങ് കലക്ഷനുനേരെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത ജയഭാരതി ബേക്കറിയിൽ കേക്ക് വാങ്ങാനെത്തിയ രണ്ട് യുവാക്കളാണ് സംസാരത്തിനിടയിൽ പ്രകോപിതരായി കടക്കുനേരെ അക്രമണം നടത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബേക്കറി ജീവനക്കാരോട് ക്ഷുഭിതനായി സംസാരിക്കുന്നത് കണ്ട് റെഡിമെയ്ഡ് ഷോപ്പ് ഉടമ ഇടപെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. വാക്കേറ്റത്തിനിടയിൽ കടയിലെ ഡമ്മികൾ തെറിച്ച് കടയുടെ മുൻഭാഗത്തെ കാഷ് കൗണ്ടർ ചില്ല് ഉടഞ്ഞുവീണു.
സംഭവം നേരിൽ കാണാനിടയായ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെതുടർന്ന് കടക്ക് മുന്നിൽ ഏറെനേരം ജനം തടിച്ചുകൂടി. പൊലീസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.