കണ്ണൂർ: തലശ്ശേരി-മാഹി ബൈപാസിൽ ജില്ലയിലെ നാലു സ്ഥലങ്ങളിലെ സർവിസ് റോഡ് സ്ഥലമെടുപ്പ് മുടങ്ങിയതിനാൽ പദ്ധതി പൂർത്തിയാക്കാനായില്ലെന്ന് ജില്ല വികസന സമിതിയിൽ എൻ.എച്ച്.എ.ഐ അധികൃതർ അറിയിച്ചു. ഈ സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണെന്നും സർവിസ് റോഡിന്റെ ബാക്കി വന്ന പ്രവൃത്തിയുടെ പദ്ധതി ലേലഘട്ടത്തിലാണെന്നും എൻ.എച്ച്.എ.ഐ അറിയിച്ചു.
മാസങ്ങളായി ബൈപാസിലെ നാലിടങ്ങളിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കയാണ്. ഇത് സമീപത്തെ നാട്ടുകാരെ സാരമായി ബാധിച്ചിട്ടുണ്ട്. വേഗത്തിൽ സർവിസ് റോഡിൽനിന്നു ബൈപാസിൽ കയറി പോവാനാകുന്ന സമീപനാട്ടിലെ യാത്രക്കാർക്ക് ഇതോടെ കിലോമീറ്ററുകളോളും ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയാണ്. സ്ഥലമേറ്റെടുപ്പ് മുടങ്ങിയതുകാരണം സുരക്ഷ മുൻനിർത്തിയാണ് സർവിസ് റോഡ് അടച്ചതെന്ന് അധികൃതർ പറയുമ്പോഴും ടോൾ കമ്പനിക്കാരെ സഹായിക്കാനാണ് റോഡ് അടച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
തലശ്ശേരി കുയ്യാലി പാലത്തിന് സമീപം റെയിൽവേ മേൽപാലം പദ്ധതി ആസൂത്രണ ഘട്ടത്തിലാണെന്നും അലൈൻമെന്റ് അന്തിമമായിട്ടില്ലെന്നും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ വികസന സമിതി യോഗത്തിൽ അറിയിച്ചു. റെയിൽവേ-കെ.എസ്.ടി.പി സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച എട്ട് ഏക്കറിലേക്ക് 75 മീറ്റർ ദൂരത്തിൽ റോഡ് നിർമിക്കണമെന്ന ആവശ്യം സംബന്ധിച്ച് ഒക്ടോബർ ഏഴിന് സബ് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം പാട്ടത്തിന് വിട്ടുകിട്ടുന്നതിനായി നഗരസഭ തലശ്ശേരി താലൂക്കിൽ നൽകിയ അപേക്ഷ ജില്ല കലക്ടർ ലാൻഡ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു.
പാനൂർ കടവത്തൂർ തീപിടിത്തത്തിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നാശനഷ്ടങ്ങൾ സംബന്ധിച്ച് തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ചതായി ഡെപ്യൂട്ടി കലക്ടർ (ഡി.എം) അറിയിച്ചു. ഇതിൽ തുടർനടപടി സ്വീകരിക്കും. കല്യാട് ചെങ്കൽ ഖനനത്തിനെതിരെ 95 കേസുകളിൽ നടപടി സ്വീകരിച്ചുവരുന്നു.
2024-25 സാമ്പത്തിക വർഷം 10,21,640 രൂപ അനധികൃത ഖനനത്തിന് റോയൽറ്റി ഇനത്തിൽ സർക്കാറിലേക്ക് ഈടാക്കിയതായി ജില്ല ജിയോളജിസ്റ്റ് അറിയിച്ചു.
തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കണ്ണൂർ, പയ്യന്നൂർ, ഇരിട്ടി താലൂക്കുകളിലെ തരംമാറ്റം കൈകാര്യം ചെയ്യാനായി മൂന്ന് ജൂനിയർ സൂപ്രണ്ടുമാരെയും ആറ് ക്ലർക്കുമാരെയും കലക്ടറേറ്റിൽ പുനർവിന്യസിച്ച് പ്രത്യേക സെക്ഷൻ തുടങ്ങി. തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലെ ഫയൽ അതത് ആർ.ഡി.ഒയിൽ കൈകാര്യം ചെയ്യുന്നു.
പാനൂർ നഗരസഭയിൽ നാല് അംഗൻവാടികളുടെ പ്രവൃത്തി പൂർത്തിയായി. ജില്ല ശുചിത്വ മിഷന്റെ ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് കലക്ടറേറ്റ് വളപ്പിൽ ടോയ്ലറ്റ് കോംപ്ലക്സിന് പദ്ധതി തയാറാക്കിയതായി ജില്ല കോഓഡിനേറ്റർ യോഗത്തിൽ അറിയിച്ചു.