താമരശേരിയില്‍: അധ്യാപകന്‍, ഹജ്ജ് ട്രെയിനർ;ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്‍റെ അറസ്റ്റിൽ അമ്പരപ്പ്

news image
Nov 17, 2023, 5:19 am GMT+0000 payyolionline.in

താമരശേരി: കോഴിക്കോട് താമരശേരിയില്‍ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുവാവ് അധ്യാപകനും ഹജ്ജ് ട്രെയിനറും അടക്കം പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിരുന്ന വ്യക്തി. കിനാലൂർ കുറുമ്പൊയിൽ ഷാനവാസ് എന്ന 48കാരനായ അധ്യാപകനെയാണ് കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് അറസ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. അസ്വഭാവികത ശ്രദ്ധിച്ച പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പൂവമ്പായി എ.എം.ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ് ഇയാള്‍. ഇത് കൂടാതെ ഹജ്ജ് ട്രെയിനർ, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനർ, വഖഫ് ബോർഡ് മോട്ടിവേഷൻ ക്ലാസ്സ് ട്രെയിനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നയാളാണ് ഷാനവാസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe