തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു.
ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും-മന്ത്രി പറഞ്ഞു.
ഇന്നലെയാണ് താരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും വിലക്കിയതായി സിനിമാസംഘടനകൾ അറിയിച്ചത്. സിനിമാ സെറ്റുകളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നില്ലെന്ന് അടക്കമുള്ള വിഷയങ്ങളാണ് സംഘടനകൾ ഇരുവർക്കുമെതിരെ ഉന്നയിച്ചത്. ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗത്തിനെതിരേയും ഉന്നയിക്കുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് സംഘടനകൾ അറിയിച്ചു.