തിയറ്ററുകള്‍ നിറച്ച് ‘പിഎസ് 2’; ആദ്യ നാല് ദിവസം കൊണ്ട് നേടിയ കളക്ഷന്‍

news image
May 2, 2023, 2:22 pm GMT+0000 payyolionline.in

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വല്‍ ആണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2. ഇത് മനസിലാക്കി ഇന്ത്യ മുഴുവനും പ്രീ റിലീസ് പ്രൊമോഷനുകള്‍ നടത്തിയിരുന്നു അണിയറക്കാര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഏപ്രില്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞപ്പോള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്തായാലും കളക്ഷനില്‍ വിജയക്കൊടി പാറിച്ച് മുന്നോട്ട് പോവുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിവസങ്ങളില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിട്ടുണ്ട്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികമാണ് ആദ്യ നാല് ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്ന് ദിനം നീണ്ട വാരാന്ത്യമാണ് ലഭിച്ചത്. തിങ്കളാഴ്ച മെയ് ദിനം പ്രമാണിച്ചുള്ള പൊതു അവധി ആയിരുന്നതിനാല്‍ ആകെ നാല് ദിനം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചതെങ്കിലും അത് ചിത്രത്തിന്‍റെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വലിയ ജനപ്രീതി നേടിയ പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം എങ്ങനെയുണ്ടെന്ന് സ്വയം കണ്ട് വിലയിരുത്താനായി പ്രേക്ഷകര്‍ തിയറ്ററുകളിലേക്കെത്തി എന്നാണ് വിലയിരുത്തല്‍.

492 കോടി ആയിരുന്നു പൊന്നിയിന്‍ സെല്‍വന്‍ 1 ന്‍റെ ലൈഫ് ടൈം ഗ്രോസ്. രണ്ടാം ഭാഗം ഇത് തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe